ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അ...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിലാണ് വ്യാഴാഴ്ച ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ്, താൻ കടുത്ത നടപടിയിലേക്ക് കടക്കുകയാണെന്ന് കാണിച്ച് അസ്ലം ജോലി ചെയ്യുന്ന കമ്പനി അധികൃതർക്ക് ഇമെയിൽ അയച്ചിരുന്നു. തന്റെ പിതാവിന്റെയും ഫ്ലാറ്റ് ഉടമയുടെയും ഫോൺ നമ്പറുകൾ സഹിതമാണ് മെയിൽ അയച്ചത്. കമ്പനി അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്ലം ഭാര്യ ഫർഹാനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫർഹാനയുടെ കഴുത്തിൽ പരിക്കേറ്റ പാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി അസ്ലം അയച്ച ഇമെയിലിൽ പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫ്ലാറ്റിൽ നിന്ന് ദമ്പതികളുടെ മൂന്ന് മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമാകാൻ ദമ്പതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുമെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഡൽഹി സദർ ബസാറിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾക്ക് വിട്ടുനൽകും.
Key Words : Malayali Couple Death, Gurugram

COMMENTS