ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം...
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ തലസ്ഥാനത്ത് വൻ സംഘർഷം. ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
ആകാശവാണി ഭവന് മുന്നിൽ വെച്ച് പോലീസ് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. പോലീസിന്റെ കനത്ത പ്രതിരോധം മറികടന്ന് മുന്നോട്ട് നീങ്ങിയ രാഹുൽ ഗാന്ധിയെ പോലീസ് സംഘം വളയുകയും ബലമായി വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റുകയുമായിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ പൊലീസ് തടഞ്ഞു
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് വനിതാ പോലീസുകാർ എത്തി പ്രിയങ്കയെയും ബലമായി കസ്റ്റഡിയിലെടുത്ത് ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് മാറ്റി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കേരളത്തിൽ നിന്നുള്ള നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളും കസ്റ്റഡിയിലാണ്.
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണിതെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കും വരെ സമരം തുടരുമെന്നും കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഇന്ത്യാ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, പ്രതിപക്ഷം മനഃപൂർവം അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഡൽഹിയിൽ ഇപ്പോഴും കനത്ത പോലീസ് സുരക്ഷ തുടരുകയാണ്.
Key Words : Rahul Gandhi and Priyanka.


COMMENTS