തിരുവനന്തപുരം : നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കുരുന്ന...
തിരുവനന്തപുരം : നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും.
ദക്ഷിണ മൂകാംബി കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്താൻ പുലർച്ചെ 2 ന് പൂജയെടുപ്പും, 4 മണിയോടെ വിദ്യാരംഭവും ആരംഭിക്കും. ക്ഷേത്രത്തിലെ വിജയദശമി നാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലിൽ ദർശനം, വിദ്യാരംഭം, ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ എന്നിങ്ങനെ മൂന്ന് ക്യൂവുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ദർശനത്തിനായി എത്തുന്നവർ ആ ക്യൂവിലും, വിദ്യാരംഭത്തിനായി എത്തുന്നവർ രസീത് ഇല്ലാത്തപക്ഷം, രസീത് എടുത്ത ശേഷം വിദ്യാമണ്ഡപത്തിലേക്ക് ഉള്ള ക്യൂവിലും പ്രവേശിക്കേണ്ടതാണ്. വിദ്യാരംഭത്തിന് ശേഷം ദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദർശന ക്യൂവിലുള്ളവർക്ക് അതിന് ശേഷം വിദ്യാരംഭത്തിന് എത്താനും സൗകര്യമുണ്ട്. വിവിധ കൗണ്ടറുകളിൽ നിന്നും എല്ലാ വഴിപാടുകളുടെയും രസീത് ലഭ്യമാകുന്നതാണ്. ദർശനം കഴിഞ്ഞിട്ട് വിദ്യാമണ്ഡപത്തിലേക്ക് എത്താനോ അല്ലെങ്കിൽ വഴിപാടുകൾ നടത്താനോ സൗകര്യമുണ്ട്.
ദർശനത്തിനും, വിദ്യാരംഭത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും, വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുമെന്നും അസി. മാനേജർ കെ വി ശ്രീകുമാർ അറിയിച്ചു.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പന്തീരടി പൂജയും മേല്‍ശാന്തിമാരായ എന്‍.വി. കൃഷ്ണന് നമ്പൂതിരി, സി.എല്‍. സതീഷ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജയും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും എഴുത്തിനിരുത്ത് ആരംഭിക്കുക. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ 16 വൈദിക ബ്രാഹ്മണര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കുരുന്നുകള്‍ക്ക് പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം തുടങ്ങിയവ വിതരണം ചെയ്യുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
മലപ്പുറം തിരൂരിലെ തുഞ്ചന്‍പറമ്പില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും ആശാന്മാരുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ ശീവേലിയും സരസ്വതി പൂജയും കഴിഞ്ഞ് രാവിലെ 7 മണിയോടെ വടക്കേ പഠിപ്പുര മണ്ഡപത്തിലാണ് എഴുത്തിനിരുത്ത് ആരംഭിക്കുക.
പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ഇന്ദുകുമാരി വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമിടും. ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ചടങ്ങുകള്‍ സുഗമമാക്കുന്നതിനുമായി പല പ്രമുഖ ക്ഷേത്രങ്ങളിലും മുന്‍കൂട്ടി ബുക്കിംഗ് സൗകര്യമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Key Words : Devotees, Temples, Navaratri festival.


COMMENTS