തിരുവനന്തപുരം : മുൻപ് സ്വജനപക്ഷപാതത്തിനെതിരെ നിലപാടെടുത്ത് കൈയടി നേടിയ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ ബന്ധുനിയമന വിവാദത്തിൽ. പൊതുവ...
തിരുവനന്തപുരം: മുൻപ് സ്വജനപക്ഷപാതത്തിനെതിരെ നിലപാടെടുത്ത് കൈയടി നേടിയ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ ബന്ധുനിയമന വിവാദത്തിൽ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിംഗിൽ (സീമാറ്റ്-കേരള) ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് റിസർച്ച് ഓഫീസറായി താൽക്കാലിക നിയമനം നൽകിയതാണ് വിവാദമായിരിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റ കാലത്ത് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സമീപിച്ച സ്വന്തം ഭാര്യാസഹോദരീഭർത്താവായ പോലീസുകാരനോട് 'നോ' പറഞ്ഞ കാര്യം ഷെഫീർ മുൻപ് ഒരു സംഘടന സമ്മേളനത്തിൽ പ്രസംഗിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. അന്ന് സ്വജനപക്ഷപാതത്തിനെതിരെ കർശന നിലപാടെടുത്ത നേതാവിന്റെ ഭാര്യയ്ക്ക് തന്നെ ഇപ്പോൾ പിൻവാതിൽ നിയമനം ലഭിച്ചു എന്നാണ് പ്രധാന ആക്ഷേപം.
ഔദ്യോഗികമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയോ, വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിക്കുകയോ ചെയ്യാതെ വെറും ബയോഡാറ്റ മാത്രം വാങ്ങി നേരിട്ടാണ് നിയമനം നടത്തിയതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. ഒരു വർഷത്തെ കരാർ കാലാവധിയിൽ പ്രതിമാസം 40,000 രൂപ വേതനത്തിലാണ് ഈ നിയമനം. നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ തിരുവനന്തപുരത്തുള്ള സീമാറ്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുകയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു.
അതേസമയം, ഒരു വർഷത്തെ താൽക്കാലിക നിയമനം ആയതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്നും, ലഭ്യമായ ബയോഡാറ്റകളിൽ അർഹമായ വിദ്യാഭ്യാസ യോഗ്യതയുള്ളതിനാലാണ് ഷാനി ഷെഫീറിനെ നിയമിച്ചതെന്നും സീമാറ്റ് ഡയറക്ടർ ആർ. അരുൺ കുമാർ വ്യക്തമാക്കി. തസ്തികയിൽ ഒഴിവ് വന്ന ഘട്ടത്തിൽ സ്വാഭാവികമായി അപേക്ഷ നൽകിയതാണെന്നും, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചതെന്നും മറ്റാരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നും ബി.ആർ.എം. ഷെഫീറും പ്രതികരിച്ചു.
Key Words : KPCC General Secretary B.R.M. Shafeer,

COMMENTS