ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' കൂടുതൽ കരുത്തുറ്റതാക്കാൻ ഐ.എസ്.ആർ.ഒയുടെ പുതിയ നാവിഗേഷൻ ഉപഗ്രഹമായ...
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' കൂടുതൽ കരുത്തുറ്റതാക്കാൻ ഐ.എസ്.ആർ.ഒയുടെ പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻ.വി.എസ്-03 ഒക്ടോബർ 30-ന് വിക്ഷേപിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റിലാണ് ഈ നിർണായക ദൗത്യം കുതിച്ചുയരുന്നത്.
ഇന്ത്യയുടെ തദ്ദേശീയ ജി.പി.എസ് ശൃംഖലയായ നാവികിന് പുതിയ ജീവൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എൻ.വി.എസ്-03 ഉപഗ്രഹം വിക്ഷേപിക്കുന്നത്. രണ്ടാം തലമുറയിലെ മൂന്നാമത്തെ നാവിഗേഷൻ ഉപഗ്രഹമാണിത്.
സാങ്കേതിക തകരാറുകളും കാലപ്പഴക്കവും കാരണം നാവിക് ശൃംഖലയിലെ പല ഉപഗ്രഹങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഒരു പ്രദേശത്തിന്റെ കൃത്യമായ സ്ഥാനം സ്വതന്ത്രമായി കണ്ടെത്താൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങൾ സജീവമായിരിക്കണമെന്നിരിക്കെ, നിലവിൽ അതിൽ കുറവ് ഉപഗ്രഹങ്ങൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നത്. എൻ.വി.എസ്-03 കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്.
സ്മാർട്ട് ഉപകരണങ്ങൾക്ക് പുത്തൻ വേഗത
സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിവയിൽ ലൊക്കേഷൻ വിവരങ്ങൾ അതീവ കൃത്യതയോടെ ലഭ്യമാക്കാൻ സഹായിക്കുന്ന 'എൽ1 ബാൻഡ്' സിഗ്നലുകൾ ഈ ഉപഗ്രഹത്തിലുണ്ട്. ഇതോടെ മൊബൈൽ മാപ്പുകളുടെയും ഫിറ്റ്നസ് ആപ്പുകളുടെയും കൃത്യത ഗണ്യമായി വർദ്ധിക്കും.
അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻസ് സെന്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ റുബിഡിയം ആറ്റോമിക് ക്ലോക്ക് ആണ് ഈ ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്. കൃത്യമായ സമയവും സ്ഥാനവും നിർണ്ണയിക്കാൻ ഇത് ഉപകരിക്കും. ഇന്ത്യയിലും രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിലും ഇതിന്റെ സേവനം ലഭ്യമാകും.
വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ദുരന്തനിവാരണം, ഗതാഗതം, സമുദ്രമേഖല, പ്രതിരോധം എന്നീ രംഗങ്ങളിൽ ഇന്ത്യയുടെ സ്വാശ്രത്വം വർദ്ധിപ്പിക്കാനും ഈ വിക്ഷേപണം വഴി സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Key Words : ISRO, NavIC Satellite

COMMENTS