പെഷവാർ: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാനെ രാഷ്ട്രീയ ഒത്തുതീർപ്പിലൂടെ നാടുകടത്താൻ കടുത്ത സമ്മർദ്...
പെഷവാർ: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാനെ രാഷ്ട്രീയ ഒത്തുതീർപ്പിലൂടെ നാടുകടത്താൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് പാക് പ്രതിപക്ഷ നേതാവ് മഹ്മൂദ് ഖാൻ അചക്സായി. മുൻപ് മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷരീഫിനെയും ബേനസീർ ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ നീക്കമാണ് ഇപ്പോൾ ഇമ്രാൻ ഖാനെതിരെയും നടക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പെഷവാർ ഹൈക്കോടതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അചക്സായിയുടെ നിർണായക വെളിപ്പെടുത്തൽ.
2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെതിരെ ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അചക്സായി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സൈനിക ഭരണകൂടങ്ങളുമായി ഒത്തുതീർപ്പുണ്ടാക്കി നേതാക്കൾ രാജ്യം വിട്ടതുപോലെയുള്ള ഒരു കരാറിനാണ് നിലവിൽ നീക്കം നടക്കുന്നത്. എന്നാൽ ഇമ്രാൻ ഖാൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ സന്ദർശിക്കാൻ പോലും അനുവദിക്കാത്ത പാക് സർക്കാരിന്റെ നടപടിയെ വാർത്താസമ്മേളനത്തിൽ അദ്ദേഹം ശക്തമായി വിമർശിച്ചു. പാർലമെന്റിന്റെ പരമാധികാരം ഉറപ്പാക്കുക, സുതാര്യമായ തിരഞ്ഞെടുപ്പിനായി സ്വതന്ത്ര കമ്മീഷൻ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് രാജിവെക്കുമെന്നും അചക്സായി മുന്നറിയിപ്പ് നൽകി.
ഇമ്രാൻ ഖാന്റെയും അദ്ദേഹത്തിന്റെ സഹോദരിമാരുടെയും മോചനത്തിനായി പി.ടി.ഐ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവിന്റെ ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ 'ഡോൺ' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
Key Words : Imran Khan, Pakistan

COMMENTS