അബുദാബി: സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ആരോഗ...
അബുദാബി: സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില നിലവിൽ സുരക്ഷിതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനായി പ്രാർഥിച്ച ലോകമെമ്പാടുമുള്ള പ്രവാസികൾക്കും മറ്റ് ജനങ്ങൾക്കും എംബസി അധികൃതരും കുടുംബവും നന്ദി രേഖപ്പെടുത്തി.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ വെച്ചാണ് മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത്തിന് നേരെ സഹപൈലറ്റിന്റെ ഭീകരാക്രമണശ്രമം ഉണ്ടായത്. വിമാനം പറന്നുയർന്നതിന് പിന്നാലെ കോക്ക്പിറ്റിലെ കോടാലി (Axe) ഉപയോഗിച്ച് സഹപൈലറ്റ് സ്മിത്തിന്റെ തലയ്ക്ക് പിന്നിൽ ക്രൂരമായി വെട്ടുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടും (Depressed Skull Fracture) കടുത്ത വേദന സഹിച്ചുകൊണ്ട് സ്മിത് മച്ഛാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നു. ഇതോടെ പുറത്തുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.
സ്മിത് മച്ഛാർ കാണിച്ച അസാമാന്യ ധീരതയും മനോധൈര്യവുമാണ് വിമാനത്തിലുണ്ടായിരുന്ന 170-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി സുരക്ഷിതമായി ഇറക്കുകയായിരുന്നു.
ക്യാപ്റ്റൻ സ്മിത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി. സ്മിത്തിന്റെ വേഗത്തിലുള്ള സുഖംപ്രാപിക്കലിനായി അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു.
വലിയൊരു ദുരന്തം ഒഴിവാക്കിയ സ്മിത് മച്ഛാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു. കൂടാതെ ഗുജറാത്ത് സർക്കാർ ഇദ്ദേഹത്തിന് 'വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും' പ്രഖ്യാപിച്ചിട്ടുണ്ട്.
key words : Smith Machchhar


COMMENTS