കരിയറിൽ ഫുട്ബോൾ മൈതാനത്ത് സ്വന്തമാക്കാവുന്ന എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയിട്ടും, ജീവിതത്തിൽ തനിക്ക് ചില പശ്ചാത്താപങ്ങളുണ്ടെന്ന് വെളി...
കരിയറിൽ ഫുട്ബോൾ മൈതാനത്ത് സ്വന്തമാക്കാവുന്ന എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയിട്ടും, ജീവിതത്തിൽ തനിക്ക് ചില പശ്ചാത്താപങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ചെറുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ശ്രമിക്കാതിരുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധമെന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
ചെറുപ്പകാലത്ത് ഭാഷ പഠിക്കാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നിട്ടും താൻ അത് കൃത്യമായി വിനിയോഗിച്ചില്ലെന്ന് മെസി ഖേദത്തോടെ ഓർക്കുന്നു. "പല പ്രമുഖ വ്യക്തികളെയും താരങ്ങളെയും നേരിട്ട് കണ്ടുമുട്ടുമ്പോൾ അവരുമായി ആശയവിനിമയം നടത്താൻ സാധിക്കാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മൾ പകുതി വിവരമില്ലാത്തവനെപ്പോലെ ആയിപ്പോകും. 'ഞാനെന്തൊരു മണ്ടനാണ്, വെറുതെ സമയം കളഞ്ഞു' എന്ന് ഞാൻ പലപ്പോഴും സ്വയം ചിന്തിച്ചിട്ടുണ്ട്," മെസി വ്യക്തമാക്കി.
തന്റെ കുട്ടികളോടും പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ വിദ്യാഭ്യാസത്തിന്റെ മൂല്യം കുട്ടികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ നല്ല വിദ്യാഭ്യാസം നേടാനും പുതിയ കാര്യങ്ങൾ പഠിച്ചുവെക്കാനും താൻ മക്കളോട് എപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും മെസി പറഞ്ഞു.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇപ്പോൾ ഇംഗ്ലീഷ് ഭാഷ ഒരു പരിധി വരെ മനസ്സിലാക്കാൻ സാധിക്കുമെങ്കിലും, പൊതുവേദികളിലും ക്യാമറയ്ക്ക് മുന്നിലും സംസാരിക്കാൻ തനിക്ക് ഇപ്പോഴും മടിയാണെന്നും താരം വെളിപ്പെടുത്തി. എട്ടിലധികം ബാലൺ ഡി ഓർ പുരസ്കാരങ്ങളും ലോകകപ്പും ഉൾപ്പെടെ ഫുട്ബോളിലെ സകല സിംഹാസനങ്ങളും കീഴടക്കിയ താരത്തിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
Key Words : Lionel Messi


COMMENTS