ന്യൂഡൽഹി: തനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകൾ ഉണ്ടെന്നും ഇവയോരോന്നും തനിക്ക് ലഭിക്കുന്ന ഓരോ മെഡലുകൾ പോലെയാണെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്...
ന്യൂഡൽഹി: തനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകൾ ഉണ്ടെന്നും ഇവയോരോന്നും തനിക്ക് ലഭിക്കുന്ന ഓരോ മെഡലുകൾ പോലെയാണെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കേസുകളെ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ ലക്ഷ്യം ഇത്തരം 100 എഫ്.ഐ.ആറുകൾ തികയ്ക്കുകയാണെന്നും കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട "വോട്ട് മോഷണം" ആരോപിച്ചും, ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെയും ഇൻഡ്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെർമിഷനില്ലാതെ ഡൽഹിയിലെ ആകാശവാണി ഭവനിൽ അതിക്രമിച്ചു കടന്നു എന്നാരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി രൂക്ഷമായ ഭാഷയിൽ സർക്കാരിനെതിരെ രംഗത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ ചേർന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ നിയമവിരുദ്ധമായാണ് ആ പദവിയിൽ തുടരുന്നതെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Key Words : FIR, Rahul Gandhi


COMMENTS