റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർക്ക്...
റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും വിമാനത്താവളങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. യമൻ അതിർത്തിയോട് ചേർന്നുള്ള തെക്കൻ പ്രവിശ്യകളിലെ ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, നജ്റാൻ രാജ്യാന്തര വിമാനത്താവളം എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.
വൈകുന്നേരമാണ് മേഖലയെ പിടിച്ചുകുലുക്കിയ ഇരട്ട ആക്രമണങ്ങൾ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർക്ക് നിസാര പരുക്കേറ്റതായും ഇവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (GACA) സ്ഥിരീകരിച്ചു. വിമാനത്താവളങ്ങളുടെ കെട്ടിടങ്ങൾക്കും മറ്റ് തന്ത്രപ്രധാനമായ സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം, റാബിഗിലെ അരാംകോ റിഫൈനറി എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സരീ അവകാശപ്പെട്ടെങ്കിലും, തെക്കൻ വിമാനത്താവളങ്ങളിലെ (ജിസാൻ, നജ്റാൻ) നാശനഷ്ടങ്ങൾ മാത്രമാണ് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദി സഖ്യസേനയുടെ വ്യോമപിന്തുണയോടെ യമൻ സർക്കാർ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് സൗദിക്ക് നേരെ ഹൂതികളുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള ഈ സൈനിക നീക്കമുണ്ടായത്. ആക്രമണത്തെ തുടർന്ന് സൗദിയിലുടനീളം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. സുരക്ഷാ ഏജൻസികളുമായി ചേർന്ന് വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കേടുപാടുകൾ കൃത്യമായി വിലയിരുത്താനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ജനവാസ മേഖലകളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഈ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും വിവിധ അറബ് രാജ്യങ്ങളും ശക്തമായി അപലപിച്ചിട്ടുണ്ട്.
Key Words : Houthi Missile Attack, Saudi Airports

COMMENTS