തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷത്തിന്റെ ഭാഗമായി ലക്ഷദ്വീ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത.
മഴ കനക്കാനുള്ള സാധ്യത മുൻനിർത്തി വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദസഞ്ചാരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Key Words : Kerala Rain, Yellow Alert

COMMENTS