ന്യൂഡൽഹി: നാളെ ഡൽഹി ജന്തർ മന്തറിൽ കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചിരിക്കുന്ന വൻ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ട്രെയിൻ, മെട്രോ...
ന്യൂഡൽഹി: നാളെ ഡൽഹി ജന്തർ മന്തറിൽ കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചിരിക്കുന്ന വൻ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ട്രെയിൻ, മെട്രോ സർവീസുകൾ വ്യാപകമായി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സിജെപി നേതാക്കൾ രംഗത്തെത്തി. യുവജനങ്ങളെ ഭയന്ന് രാജ്യം മുഴുവൻ അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച സിജെപി നേതൃത്വം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ പരിഹസിക്കുകയും ചെയ്തു.
സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. "നമ്മുടെ വിശ്വഗുരുവായ 56 ഇഞ്ചിന്റെ മഹാമാനവൻ റെയിൽവേ അടച്ചുപൂട്ടിയിരിക്കുകയാണ്. മോദിജി, നിങ്ങളുടെ ആരോഗ്യം തൃപ്തികരമല്ലേ? കൃത്യസമയത്ത് ബ്ലഡ് പ്രഷർ (രക്തസമ്മർദം) പരിശോധിക്കാൻ മറക്കരുത്" എന്ന് നേതാക്കൾ വീഡിയോയിൽ പരിഹസിച്ചു.
ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി പോലും അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിലേക്കുള്ള റെയിൽവേ അടച്ചുപൂട്ടിയിരുന്നില്ലെന്നും, യുവജനങ്ങളെ അത്രയ്ക്ക് പേടിയാണെങ്കിൽ ഈ രാജ്യം തന്നെ അങ്ങ് അടച്ചുപൂട്ടൂ എന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് സിജെപി ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് 'ജന്തർ മന്തർ 2.0' എന്ന പേരിൽ ഈ വൻ പ്രതിഷേധം.
സമരത്തിന് മുന്നോടിയായി ഡൽഹിയെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന രീതിയിലാണ് പോലീസ്-റെയിൽവേ നടപടികൾ. ഡൽഹിയിലേക്കുള്ള നിരവധി എക്സ്പ്രസ് ട്രെയിനുകൾക്ക് പുറമെ 57 മെട്രോ സ്റ്റേഷനുകളും അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ഡൽഹി പോലീസ് ഈ സമരത്തിന് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും, ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ ആരുടെയും മുൻകൂർ അനുമതി ആവശ്യമില്ലെന്നും അറസ്റ്റ് വരിക്കാൻ തയ്യാറായിക്കൊണ്ട് തന്നെ നാളെ തങ്ങൾ സമരവുമായി മുന്നോട്ട് പോവുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
key words : Modi Government, Delhi, CJP, PM Modi


COMMENTS