Fake Currency Manufacturing Unit Busted in Kollam; Wife's Kidnapping Complaint Backfires on Accused
കൊല്ലം : രഹസ്യ വിവരത്തെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍ കൊല്ലത്ത് വ്യാജ കറന്‍സി നിര്‍മാണ കേന്ദ്രം പൊലീസ് കണ്ടെത്തുകയും നടത്തിപ്പുകാരനായ കൈക്കുളങ്ങര വെസ്റ്റ്, വാടി കല്ലേലിയില്‍ പുരയിടത്തില്‍ സിബിയോണി (37)നെ അറസ്റ്റുചെയ്യുകയും ചെയ്തു.
പള്ളിത്തോട്ടം പോലീസ് സിബിയോണിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രിന്ററും നോട്ട് എണ്ണുന്ന യന്ത്രവും, 500 രൂപയുടെ വ്യാജ നോട്ടുകള്‍ അടിക്കാന്‍ പാകത്തില്‍ മുറിച്ചുവച്ച കടലാസ് കെട്ടുകളും പിടിച്ചെടുത്തു.
സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ പൊലീസിന് തോന്നിയ സംശയമാണ് അറസ്റ്റിലേക്കു നയിച്ചത്.
ഈ കള്ളക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ഡാന്‍സാഫ് ടീമും ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
ഒക്ടോബര്‍ 17-ന്, ഭര്‍ത്താവിനെ ആശ്രാമം ഭാഗത്തുനിന്നു തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് സിബിയോണിന്റെ ഭാര്യ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍, സിബിയോണെ ഫോണ്‍ ചെയ്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കിയ മയ്യനാട് കൂട്ടിക്കട സ്വദേശിയായ ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ റിമാന്‍ഡ് ചെയ്തു.
പിറ്റേദിവസം സിബിയോണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും, തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് താന്‍ രക്ഷപ്പെട്ടുവെന്നും, അവര്‍ തന്റെ സ്‌കൂട്ടറും സ്വര്‍ണ്ണ മോതിരവും തിരികെ നല്‍കിയെന്നും പൊലീസിനോട് പറഞ്ഞു.
സിബിയോണിന്റെ പെരുമാറ്റത്തിലും മൊഴികളിലും പൊരുത്തക്കേടുകളും സംശയകരമായ കാര്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 19-ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഇയാളെ കര്‍ശന നിരീക്ഷണത്തിലാക്കി.
ഇതിനിടെ, സിറ്റി പൊലീസ് കമ്മിഷണര്‍ എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭാ നായര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജാക്‌സണ്‍ ജോസഫ്, പള്ളിത്തോട്ടം എസ്.ഐ നിരഞ്ജന എം. ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകുന്നേരം ഏഴു മണിയോടെ സിബിയോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഇതോടെയാണ് കള്ളനോട്ട് അച്ചടി സംവിധാനം കണ്ടെത്തിയത്.
പിടിച്ചെടുത്ത കടലാസ് കെട്ടുകളുടെ അരികുകളില്‍ 500 രൂപയുടെ നോട്ടിന് സമാനമായ ഡിസൈനുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ സാധനങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഏകദേശം 2.5 കോടി രൂപയുടെ വ്യാജ കറന്‍സി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൂടാതെ, 45 പവന്‍ സ്വര്‍ണാഭരണങ്ങളും 4.32 ലക്ഷം രൂപയും ഒരു സ്വര്‍ണ്ണ വാച്ച് ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകളുടെയും വസ്തുക്കളുടെയും ആധികാരികതയും കൃത്യമായ സ്വഭാവവും പരിശോധിക്കുന്നതിനായി ഔദ്യോഗിക ലബോറട്ടറി പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
ഈ വ്യാജ കറന്‍സി നിര്‍മാണത്തിനു പിന്നില്‍ വലിയൊരു ക്രിമിനല്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സിബിയന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്, വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMENTS