കൊല്ലം: എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക...
കൊല്ലം: എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് സിപിഎം കൊല്ലം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ആത്മപരിശോധനയ്ക്കായി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രതിനിധികൾ ആഞ്ഞടിച്ചത്.
പാർട്ടി ഒരാളിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും പിണറായി വിജയൻ മാത്രമല്ല പാർട്ടിയെന്ന് നേതാക്കൾ ഓർക്കണമെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയപ്പോൾ അതിനെ നിയന്ത്രിക്കാൻ പാർട്ടി സെക്രട്ടറിക്ക് സാധിച്ചില്ല. എക്സാലോജിക് കേസ് അതിന്റെ നിയമപരമായ വഴിക്ക് പോകട്ടെ എന്നും, പിണറായിയുടെ മകളുടെ ബിസിനസ്സ് ഇടപാടുകൾ പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
നേതാക്കളുടെ ഇത്തരം വ്യക്തിപരമായ വിവാദങ്ങളും ചില നേതാക്കളുടെ അനാവശ്യ പ്രസ്താവനകളുമാണ് കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന് യോഗം വിലയിരുത്തി. സംസ്ഥാന നേതൃത്വം പിണറായിയെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, താഴെത്തട്ടിലുള്ള അണികളിലും ജില്ലാ കമ്മിറ്റികളിലും വലിയ രീതിയിലുള്ള അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയിലെ ചർച്ചകൾ വ്യക്തമാക്കുന്നത്.
Key Words : Exalogic case, CPM District Committee, Pinarayi Vijayan

COMMENTS