നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ മാരക വിഷം രണ്ട് തവണ കുത്തിവച്ചിട്ടും പ്രതി മരിക്കാതിരുന്നതിനെ തുടർന്ന് ശിക്ഷാ...
നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ മാരക വിഷം രണ്ട് തവണ കുത്തിവച്ചിട്ടും പ്രതി മരിക്കാതിരുന്നതിനെ തുടർന്ന് ശിക്ഷാ നടപടികൾ നിർത്തിവച്ചു. 50-കാരിയായ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമമാണ് അപൂർവമായ രീതിയിൽ പരാജയപ്പെട്ടത്. അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്.
നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. വിഷം കുത്തിവയ്ക്കാനായി ക്രിസ്റ്റയുടെ ഐവി ലൈൻ കയ്യിൽ പിടിപ്പിക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തു. ഇടത് കയ്യിൽ ഏഴോളം സൂചികൾ കുത്തിയെന്നും അതിലൊന്ന് വളഞ്ഞുപോയെന്നും ഇവരുടെ അഭിഭാഷകൻ റാൻഡി സ്പൈവി വ്യക്തമാക്കി. തുടർന്ന് പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയെങ്കിലും ജീവൻ നഷ്ടമായില്ല. രണ്ടാമത്തെ ഡോസ് നൽകിയ ശേഷവും പ്രതി ബോധരഹിതയായി ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്തതോടെ അധികൃതർ കോടതിയെ സമീപിച്ച് നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് ടെന്നസി ഗവർണർ ബിൽ ലീ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും താത്കാലികമായി നിർത്തിവയ്ക്കാൻ ഗവർണർ ഉത്തരവിട്ടു.
1995-ൽ തന്റെ 18-ാം വയസ്സിൽ, കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് സഹപാഠിയായ കോളിൻ സ്ലെമ്മറിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിനാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ഇവർ. ക്രിസ്റ്റയുടെ ശിക്ഷ ഇളവുചെയ്യാൻ നിയമപോരാട്ടം തുടരുമെന്ന് അഭിഭാഷകൻ അറിയിച്ചു.
Key Words : Lethal poison, USA, Christa Pike


COMMENTS