പുനലൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിര...
പുനലൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടുത്ത ഭാഷയിലുള്ള അധിക്ഷേപം വഴി സമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് പുനലൂർ പൊലീസ് ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ സമരങ്ങളെ മുൻനിർത്തി ശ്രീലേഖ വിവാദ പ്രസ്താവന നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് എന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം. ഇത് പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒപ്പം 'താണ്ഡവം' എന്ന പദത്തെ മയക്കുമരുന്നുമായി ബന്ധിപ്പിച്ചു സംസാരിച്ചതിലൂടെ ഹിന്ദു മതവിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മറ്റ് ഭാരവാഹികളുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കെ.എസ്. ശബരീനാഥൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം തുടങ്ങിയവരും ശ്രീലേഖയ്ക്കെതിരെ ഡിജിപിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. മുൻ ഡിജിപിയുടെ പരാമർശം അങ്ങേയറ്റം സംസ്കാരശൂന്യമാണെന്നും അവർ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
Key Words : R Sreelekha, BJP, Rahul Gandhi

COMMENTS