ന്യൂഡൽഹി: യു.പി.ഐ. വഴി പണമിടപാട് നടത്തുന്നവർക്കും വ്യാപാരികൾക്കും ആശ്വാസം. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാന...
ന്യൂഡൽഹി: യു.പി.ഐ. വഴി പണമിടപാട് നടത്തുന്നവർക്കും വ്യാപാരികൾക്കും ആശ്വാസം. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഉത്സവ സീസണിൽ വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് തീരുമാനം നീട്ടിയതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്‌മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ തുടങ്ങിയവർ പുതിയ നിരക്കുകളുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നു.
യു.പി.ഐ. ഇടപാടുകളിലെ നിരക്കുകളും അവ ബാധകമാകുന്ന വിഭാഗങ്ങളും സംബന്ധിച്ച വ്യക്തത ആവശ്യപ്പെട്ടതും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് റിപ്പോർട്ട്.
നിർദേശപ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് പദ്ധതി. ഒരു ഇടപാടിന് പരമാവധി 300 രൂപയായിരിക്കും പരിധി. എന്നാൽ എല്ലാ യു.പി.ഐ. ഇടപാടുകൾക്കും ഈ നിരക്ക് ബാധകമാകില്ല. ഇടപാടിന്റെ സ്വഭാവവും വ്യാപാരിയുടെ വിഭാഗവും അനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക.
സ്കൂൾ, കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി-വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ചില വിഭാഗങ്ങളിലെ ഇടപാടുകൾക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
യു.പി.ഐ. ഇടപാടുകളിൽ വ്യാപാരികൾക്ക് നൽകിയിട്ടുള്ള കാറ്റഗറി കോഡും ഫീസ് നിർണയിക്കുന്നതിൽ പ്രധാനമാണ്. ഒരേ തുകയുടെ ഇടപാടുകൾക്കുപോലും വ്യാപാരിയുടെ വിഭാഗമനുസരിച്ച് വ്യത്യസ്ത നിരക്കുകൾ ബാധകമാകാമെന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
പുതിയ നിരക്കുകൾ നടപ്പാക്കുന്ന തീയതി സംബന്ധിച്ച അന്തിമ അറിയിപ്പിനായി കാത്തിരിക്കുകയാണ് പേയ്‌മെന്റ് സേവനദാതാക്കളും.
Key Words : UPI


COMMENTS