ജിദ്ദ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് റിയാദിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് സൗദി പൊലീസി...
ജിദ്ദ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് റിയാദിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഫിലോമിന (32) ആണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ലഗേജിൽ നിന്ന് സൗദി അറേബ്യയിൽ നിരോധനമുള്ള ചില മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്താവള സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന.
കഴിഞ്ഞ ഒക്ടോബർ 10-നാണ് ഫിലോമിന ബംഗളൂരുവിൽ നിന്നും ജിദ്ദ വഴി റിയാദിലേക്ക് പുറപ്പെട്ടത്. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ശേഷം രാത്രി എട്ടരയോടെ ഫിലോമിന നാട്ടിലുള്ള ഭർത്താവിനും പിതാവിനും മൊബൈൽ ഫോണിൽ അവസാനമായി ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ലഗേജുകൾ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും, ഫോൺ വാങ്ങി വെക്കുകയാണെന്നുമായിരുന്നു സന്ദേശം. ഇതിനുശേഷം ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ആയതോടെയാണ് ഫിലോമിനയെ കാണാതായ വിവരം പുറത്തറിയുന്നത്.
ദിവസങ്ങളായി യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാതെ ആശങ്കയിലായ കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകിയിരുന്നു. തുടർന്ന് കോൺസുലേറ്റും സാമൂഹ്യപ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് നിലവിൽ ഇവർ ജിദ്ദയിൽ പൊലീസ് കസ്റ്റഡിയിലാണെന്ന വിവരത്തിന് സ്ഥിരീകരണമുണ്ടായത്.
ഫിലോമിനയെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള നിയമനടപടികളുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും റിയാദിലെ ഇന്ത്യൻ എംബസിയും മുന്നോട്ട് പോവുകയാണ്.
Key Words : Malayalee Nurse, Mising Case

COMMENTS