അബുദാബി/റിയാദ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ചതായി യുഎഇ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. കോക്പിറ്റിനുള്ളിൽ വെ...
അബുദാബി/റിയാദ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ചതായി യുഎഇ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. കോക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് അൽ-ഹമ്മാമി, പ്രധാന പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിലാണ് സംഭവം. കോക്പിറ്റിൽ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ജീവനക്കാരും ചേർന്നാണ് അക്രമിയെ സാഹസികമായി കീഴടക്കിയത്. മൽപിടുത്തതിനിടെ ബോയിങ് 737 വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടിയോളം താഴേക്ക് പതിച്ചു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ ഉടനടി നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 172-ലേറെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തിന് പിന്നിലെ ലക്ഷ്യങ്ങളും മറ്റ് ബന്ധങ്ങളും കണ്ടെത്തുന്നതിനായി ഡിജിറ്റൽ, ഭൗതിക തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു.
വിമാനത്തിൽ വെച്ച് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചതായി സംശയിക്കപ്പെടുന്ന പൈലറ്റിനെ ഹമാം അൽ-ഹമ്മാമി എന്ന് തിരിച്ചറിഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തിന്റെ ഒമാൻ പൗരത്വം സ്ഥിരീകരിച്ചിരുന്നു.
ആരാണ് ഹമാം അൽ-ഹമ്മാമി?
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒമാനി പിതാവിന്റെയും സിറിയൻ മാതാവിന്റെയും മകനായാണ് അൽ-ഹമ്മാമി ജനിച്ചത്. അൽ-ഹമ്മാമിയുടെ പേരിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം ഏഴ് വർഷം ഒമാൻ എയറിൽ ജോലി ചെയ്യുകയും 2025 ഫെബ്രുവരിയിൽ അവിടെനിന്നും വിടപറയുകയും ചെയ്തു. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്ന അൽ-ഹമ്മാമി 2026 ജനുവരിയിൽ അവിടെനിന്നും മാറി. എന്നാൽ ഈ പേജിൽ ഫ്ലൈദുബായിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. നിലവിൽ ഈ പ്രൊഫൈൽ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അൽ-ഹമ്മാമി പ്രൊഫൈൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി സിഎൻഎൻ വ്യക്തമാക്കുന്നു.
Key Words : Co-pilot, Flydubai flight, Crash Axe, UAE, Terrorist attack


COMMENTS