ന്യൂഡൽഹി: കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധ മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയ കോക്രോച്ച് ജനതാ പ...
ന്യൂഡൽഹി: കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധ മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഡൽഹി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശനിയാഴ്ച മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പ്രത്യേകമായി ചേർന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (SEM) കോടതിയുടേതാണ് ഉത്തരവ്.
അടുത്ത ഒരു വർഷത്തേക്ക് പ്രദേശത്ത് ക്രമസമാധാന ലംഘനം ഉണ്ടാക്കില്ലെന്ന ഉറപ്പിൽ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് 'ലെഹ്രാ ദോ തിരംഗ' എന്ന പേരിൽ സിജെപിയും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കൊണോട്ട് പ്ലേസിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് അനുമതിയില്ലെന്ന് കാണിച്ച് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് മറികടന്ന് ഒക്ടോബർ 16 വെള്ളിയാഴ്ച മാർച്ചിൽ പങ്കെടുക്കാൻ പോയ ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സമാധാന ലംഘന കുറ്റം ചുമത്തി (BNSS സെക്ഷൻ 126/170) ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാർച്ചിൽ പങ്കെടുക്കാനെത്തിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ ശ്രമിച്ച സിജെപിയുടെ മറ്റ് പ്രമുഖ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Key Words : CJP, Abhijit Dipke, Arrest, Protest March, Bail

COMMENTS