ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പ്രമുഖ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. പേരുകളിൽ നിന്ന...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പ്രമുഖ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. പേരുകളിൽ നിന്ന് 'ഇന്ദിരാഗാന്ധി' എന്നത് പൂർണ്ണമായും ഒഴിവാക്കി പകരം 'പ്രധാനമന്ത്രി' എന്ന് ചേർക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള 'ദേശീയ സാമൂഹിക സഹായ പദ്ധതി' അഞ്ച് വർഷത്തേക്ക് കൂടി (2026-27 മുതൽ 2030-31 വരെ) നീട്ടാൻ കാബിനറ്റ് അനുമതി നൽകി. ഇതിനൊപ്പമാണ് പദ്ധതികളുടെ പുനർനാമകരണത്തിനും അംഗീകാരം നൽകിയത്. രാജ്യത്തെ 3.20 കോടിയോളം വരുന്ന ഗുണഭോക്താക്കൾക്കായി 53,428 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
പുതിയ മാറ്റം പ്രകാരം പദ്ധതികളുടെ പേരുകൾ ഇങ്ങനെ
• ദേശീയ സാമൂഹിക സഹായ പദ്ധതി (NSAP) – പ്രധാൻ മന്ത്രി സമാജിക് സഹായതാ യോജന
• ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി – പ്രധാൻ മന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന
• ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി – പ്രധാൻ മന്ത്രി വിധവ പെൻഷൻ യോജന
• ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി – പ്രധാൻ മന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന
• ദേശീയ കുടുംബ ആനുകൂല്യ പദ്ധതി (NFBS) – പ്രധാൻ മന്ത്രി പരിവാർ ലാഭ് യോജന
ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ വൻ ഇളവ്
പേരുമാറ്റത്തിന് പുറമെ ഭിന്നശേഷി പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി മാനദണ്ഡങ്ങളിൽ വലിയ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യത്തിന്റെ പരിധി നിലവിലെ 80 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറച്ചു. ഭിന്നശേഷി പെൻഷൻ അർഹതയ്ക്കുള്ള പ്രായപരിധി പൂർണ്ണമായും ഒഴിവാക്കുകയും പെൻഷൻ തുക വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Key Words : Central Government, Indira Gandhi, Social Security Schemes, Pradhan Mantri Schemes


COMMENTS