കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമ...
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കോടതി ചോദിച്ചു.
കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നിൽക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അർത്ഥമാക്കരുത്. എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
key words : AIIMS, Kerala, Medical Field, Kerala High Court

COMMENTS