മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് നേരെ അധോലോകത്തിന്റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ അസാധാരണമായി ശക്തമാക്കി. ന...
മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് നേരെ അധോലോകത്തിന്റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ അസാധാരണമായി ശക്തമാക്കി. നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അടുത്തിടെയുണ്ടായ വെടിവെപ്പിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ബോളിവുഡ് ഒന്നടങ്കം ഭീതിയിലായത്.
അന്വേഷണത്തിൽ അക്രമികളുടെ യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാൻ ആയിരുന്നുവെന്ന് വ്യക്തമായതോടെയാണ് താരങ്ങളുടെ വീടുകൾക്ക് കാവൽ വർദ്ധിപ്പിച്ചത്. നടൻ അക്ഷയ് കുമാർ ജുഹുവിലുള്ള തന്റെ വീടിന് പുറത്ത് അത്യാധുനിക രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ മുംബൈ പോലീസ് കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ വൈ പ്ലസ് (Y+) വിഭാഗം സുരക്ഷയുള്ള സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്‌മെന്റിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ അത്യാധുനിക രീതിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കമാൻഡോകൾക്ക് പുറമെ ജർമ്മൻ നിർമ്മിത എം.പി.5 എസ്.ഡി.6 സബ്‌മെഷീൻ തോക്കുകൾ ധരിച്ച പ്രത്യേക പോലീസ് സംഘത്തെയാണ് സൽമാന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബോളിവുഡ് സൂപ്പർ താരങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ എന്നിവരുടെ വീടുകളും അക്രമികൾ നിരീക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആമിർ ഖാൻ, സംവിധായകൻ രോഹിത് ഷെട്ടി എന്നിവരുടെ വീടുകൾക്ക് മുന്നിലും പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ജുഹുവിൽ വച്ച് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ മൂന്ന് പേർ വെടിവെക്കുകയായിരുന്നു. കനത്ത സുരക്ഷ കാരണം സൽമാൻ ഖാനെ നേരിട്ട് ആക്രമിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് പ്രതികൾ ടൈഗർ ഷ്രോഫിന് നേരെ തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. കേസിൽ പിടിയിലായ പ്രതികളെ മുംബൈ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് സിനിമാ സെറ്റുകളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
Key Words : Bollywood , Bulletproof Security, Akshay Kumar, Salman Khan

COMMENTS