ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിയിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ യുഎസ് പൊലീസിന്റെ പിട...
ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിയിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ യുഎസ് പൊലീസിന്റെ പിടിയിലായി. ചിക്കാഗോയ്ക്ക് സമീപമുള്ള അറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ബാലാജി ക്ഷേത്രത്തിൽ ആക്രമണം നടത്താൻ ശ്രമിച്ച അലക്സാണ്ട്രോസ് പപോരാകിസ് എന്ന യുവാവാണ് അറസ്റ്റിലായത്. ടാക്കോ ബെൽ ഭക്ഷണശാലയിലെ ജീവനക്കാരനായ ഇയാൾ സഹപ്രവർത്തകരോട് ‘ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു’ എന്ന് വെളിപ്പെടുത്തിയതോടെയാണ് ഭീതിദമായ വിവരങ്ങൾ പുറത്തുവന്നത്.
ഒക്ടോബർ 11 ഞായറാഴ്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഇന്ത്യൻ വംശജർ ക്ഷേത്രത്തിൽ ഒത്തുകൂടിയ സമയത്താണ് ഇയാൾ മാരകായുധങ്ങളുമായി എത്തിയത്. എന്നാൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇയാൾ കൊണ്ടുവന്ന റൈഫിൾ പെട്ടെന്ന് ജാമാവുകയായിരുന്നു. തോക്കിന്റെ തകരാർ പരിഹരിക്കാൻ ഇയാൾ ഇന്റർനെറ്റിൽ തിരയുന്നതിനിടെയാണ് ഇയാളുടെ അസ്വാഭാവിക പെരുമാറ്റവും സന്ദേശങ്ങളും കണ്ട് ഭയന്ന സഹപ്രവർത്തകർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.
പ്രതി തന്റെ സഹപ്രവർത്തകന് അയച്ച എട്ടുപേജുള്ള വിദ്വേഷ പ്രകടനപത്രിക പൊലീസ് കണ്ടെടുത്തു. ഇന്ത്യക്കാർ, ജൂതന്മാർ, കറുത്തവർഗ്ഗക്കാർ എന്നിവരെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതികളെക്കുറിച്ചാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ഇവരെ ‘ഉപമനുഷ്യർ’ എന്നാണ് ഇയാൾ വിശേഷിപ്പിച്ചിരിക്കുന്നത്. താനൊരു നവനാസി വംശീയവാദിയാണെന്നും കൂട്ടക്കൊലകളെക്കുറിച്ച് ദിവസവും ചിന്തിക്കാറുണ്ടെന്നും ഇയാൾ പ്രകടനപത്രികയിൽ എഴുതിയിരുന്നു.
ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സീരിയൽ നമ്പർ ഇല്ലാത്ത റൈഫിൾ, ബോഡി കവചങ്ങൾ, മുന്നൂറോളം വെടിയുണ്ടകൾ, നാസി ചിഹ്നങ്ങളുള്ള വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഭീകരവാദ ഭീഷണി മുഴക്കൽ, അനധികൃതമായി മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോടതി ഇയാളെ ഒക്ടോബർ 30 വരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇല്ലിനോയിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ യുഎസ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തു.
Key Words : US Teen, Arrest


COMMENTS