പത്തനംതിട്ട: ജില്ലയിലെ അടൂർ പഴകുളം, കൊടുമൺ അങ്ങാടിക്കൽ, പന്തളം എന്നിവിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പോലീസിൽ പരാതി. മൂ...
പത്തനംതിട്ട: ജില്ലയിലെ അടൂർ പഴകുളം, കൊടുമൺ അങ്ങാടിക്കൽ, പന്തളം എന്നിവിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പോലീസിൽ പരാതി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സംഭവങ്ങളെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 26-ന് വൈകിട്ടാണ് പഴകുളത്ത് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രസ പഠനം കഴിഞ്ഞ് കെ.ഐ.പി കനാൽ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന സ്ത്രീയും മുടി നീട്ടി വളർത്തിയ ഒരു പുരുഷനും കുട്ടികളോട് തങ്ങളെ അറിയാമെന്ന് പറഞ്ഞ് നിർബന്ധിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന വീട്ടമ്മ ബഹളം വെച്ചതോടെ സംഘം കാറുമായി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
സമാനമായ രീതിയിലാണ് കൊടുമൺ അങ്ങാടിക്കൽ കൊച്ചുകൽ ജങ്ഷന് സമീപവും തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. സ്കൂളിൽ പോകാൻ നിൽക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനായ വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു.
എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ വിസമ്മതിച്ചതോടെ ശ്രമം പരാജയപ്പെട്ടു. പഴകുളത്തും കൊടുമണ്ണിലും എത്തിയത് ഒരേ സംഘം തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവങ്ങളിൽ അടൂർ, കൊടുമൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വെള്ള കാർ കണ്ടെത്താനായി പ്രദേശങ്ങളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. രക്ഷിതാക്കളും സ്കൂൾ അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Key Words : Kerala Police, Child Abduct Attempt

COMMENTS