മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ ഒന്നാം സാക്ഷിയും മലയാളിയുമാ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ ഒന്നാം സാക്ഷിയും മലയാളിയുമായ സ്റ്റാഫ് നഴ്സ് ഏലിയാമ്മ ഫിലിപ്പ് (59) കോടതിയിൽ തിരിച്ചറിഞ്ഞു. മുംബൈ സെഷൻസ് കോടതിയിൽ ആരംഭിച്ച വിചാരണയ്ക്കിടെയാണ് പ്രതിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷരീഫുലിനെ (ഷരീഫുൽ ഫക്കീർ) ഏലിയാമ്മ നേരിട്ട് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഇവർ കോടതിയിൽ ബോധ്യപ്പെടുത്തി.
2025 ജനുവരി 15-16 തീയതികളിൽ പുലർച്ചെ രണ്ട് മണിയോടെയാണ് രാജ്യം ഞെട്ടിയ സംഭവം അരങ്ങേറിയത്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിന്റെ 11-ാം നിലയിൽ അതിക്രമിച്ചുകയറിയ പ്രതി, താരത്തിന്റെ ഇളയ മകൻ ജഹാംഗീറിന്റെ (ജെഹ്) മുറിയിലെത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ പരിചരണ ചുമതലയിലുണ്ടായിരുന്ന ഏലിയാമ്മ ഫിലിപ്പിനെ തടഞ്ഞുനിർത്തി പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടു.
ഏലിയാമ്മ ബഹളം വെച്ചതോടെ കൈയിലുണ്ടായിരുന്ന ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പ്രതി ഇവരെ ആക്രമിച്ചു. നഴ്സിന്റെ കൈവിരലുകൾക്ക് പരുക്കേറ്റു. നിലവിളി കേട്ടോടിയെത്തിയ സെയ്ഫ് അലി ഖാൻ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനും ഗുരുതരമായി കുത്തേറ്റു. സെയ്ഫ് അലി ഖാന്റെ കഴുത്തിനും നട്ടെല്ലിനും കൈയ്ക്കും ഗുരുതരമായ പരുക്കുകളേറ്റിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി സെയ്ഫ് അലി ഖാന്റെ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്ന ഏലിയാമ്മ ഫിലിപ്പാണ് കേസിലെ പ്രധാന പരാതിക്കാരി. നേരത്തെ കോടതിയിൽ കുറ്റസമ്മതം നടത്താൻ പ്രതി ശ്രമിച്ചെങ്കിലും കോടതി അത് നിരസിക്കുകയും ഔദ്യോഗികമായി വിചാരണ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. കേസിലെ നിർണായകമായ വിചാരണ നടപടികളാണ് ഇപ്പോൾ മുംബൈ കോടതിയിൽ പുരോഗമിക്കുന്നത്.
Key Words : Attack, Saif Ali Khan, Malayali Nurse Eliamma Philip

COMMENTS