ഇസ്ലാമാബാദ്: പാകിസ്താനിലെ നിലവിലുള്ള നാല് പ്രധാന പ്രവിശ്യകളെ വെട്ടിമുറിച്ച് പുതിയ ചെറുകിട ഭരണപ്രദേശങ്ങളാക്കി മാറ്റാൻ സൈനിക മേധാവി ഫീൽഡ് മാർഷ...
ഇസ്ലാമാബാദ്: പാകിസ്താനിലെ നിലവിലുള്ള നാല് പ്രധാന പ്രവിശ്യകളെ വെട്ടിമുറിച്ച് പുതിയ ചെറുകിട ഭരണപ്രദേശങ്ങളാക്കി മാറ്റാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ഭരണം കൂടുതൽ സുഗമമാക്കാനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും വേണ്ടിയാണ് ഈ നിർദേശമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം തകർക്കാനും സൈന്യത്തിന്റെ അധികാരം കേന്ദ്രീകരിക്കാനുമുള്ള ആസൂത്രിത നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ഇക്കണോമിസ്റ്റ്' ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
നിലവിൽ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ എന്നീ നാല് വലിയ പ്രവിശ്യകളാണ് പാകിസ്താനിലുള്ളത്. ഇവയെ ഒന്നുകിൽ 12 മുതൽ 15 വരെ ചെറിയ പ്രവിശ്യകളായോ, അല്ലെങ്കിൽ രാജ്യത്തെ 160 ഓളം വരുന്ന ചെറുകിട ഭരണ യൂണിറ്റുകളായോ മാറ്റി നേരിട്ട് കേന്ദ്ര ഭരണത്തിന് കീഴിലാക്കാനാണ് സൈന്യത്തിന്റെ ആലോചന. നേരത്തെ പാകിസ്താന്റെ പ്ലാനിംഗ് മന്ത്രി അഹ്‌സാൻ ഇഖ്‌ബാലും സമാനമായ ആശയം മുന്നോട്ടുവെച്ചിരുന്നു.
ഭരണപരമായ സൗകര്യമാണ് സൈന്യം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താനിലെ പകുതിയിലധികം വരുന്ന 12.8 കോടി ജനങ്ങളും ജീവിക്കുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ ഗ്രാമീണ മേഖലയിലുള്ളവർക്ക് പ്രാഥമിക സർക്കാർ സേവനങ്ങൾക്കായി പോലും മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഭൂവിസ്തൃതിയിൽ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താനിൽ ഒന്നരക്കോടി ആളുകൾ മാത്രമാണുള്ളത്. ഇത്രയും വലിയ പ്രവിശ്യകൾ ഒന്നിച്ച് ഭരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതാണ് രാജ്യത്തിന്റെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് അസിം മുനീറിന്റെ വാദം.
എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിൽ പി.എം.എൽ.എൻ പാർട്ടിക്കും സിന്ധിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കും വലിയ സ്വാധീനമുണ്ട്. സൈനിക ഭരണകാലത്തുപോലും കേന്ദ്രത്തിന് ബദലായി നിൽക്കാൻ ഈ വലിയ പ്രവിശ്യകൾക്ക് കഴിഞ്ഞിരുന്നു. ഇവയെ വെട്ടിമുറിക്കുന്നതിലൂടെ ഈ പാർട്ടികളുടെ രാഷ്ട്രീയ ശക്തി ദുർബലമാകും. പ്രവിശ്യകൾ ചെറുതാകുന്നതോടെ കേന്ദ്ര ഭരണകൂടത്തിനും സൈന്യത്തിനും ഇവരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ ചെറു സംസ്ഥാനങ്ങൾ സാമ്പത്തികമായി കേന്ദ്രത്തെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ബലൂചിസ്താനിലെ വിഘടനവാദ പ്രക്ഷോഭങ്ങളും പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധങ്ങളും നേരിടാൻ ഈ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം സഹായിക്കുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ.
ഈ പദ്ധതി നടപ്പിലാക്കണമെങ്കിൽ ഭരണഘടനയുടെ 28-ാം ഭേദഗതി പാസാക്കേണ്ടതുണ്ട്. ഇതിനായി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിന്ധ്, ബലൂചിസ്താൻ തുടങ്ങിയ മേഖലകളിൽ നിന്ന് ശക്തമായ പ്രാദേശിക പ്രതിരോധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ നീക്കം പാകിസ്താനെ കൂടുതൽ ആഭ്യന്തര അസ്ഥിരതയിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Key words : Army Chief Asim Munir , Pakistan


COMMENTS