കൊച്ചി : ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി നവംബർ 12ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയ...
കൊച്ചി : ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി നവംബർ 12ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. വിധി പറയാനുള്ള നടപടിക്രമങ്ങള്‍ നവംബര്‍ ഒമ്പതിന് തുടങ്ങും.
വിചാരണ നടപടികൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. സിപിഎം നേതാക്കളായ പി. ജയരാജന്, ടി.വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ 33 പേരാണ് പ്രതിപട്ടികയിലുള്ളത്. മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ ചെറുകുന്ന് കീഴറയിൽ വച്ച് 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെടുന്നത്.
സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടിവി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.
തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ കാണാൻ എത്തിയതായിരുന്നു സിപിഎം നേതാക്കൾ. ഈ സംഭവത്തില്‍ പങ്കെടുത്തെന്ന പേരിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
അതേസമയം സിബിഐ.യുടെ ഗൂഢാലോചന വാദത്തിന് ബലം നൽകേണ്ടിയിരുന്ന പ്രധാന സാക്ഷികളിൽ പലരും വിദേശത്തായതിനാൽ വിചാരണാ വേളയിൽ ഇവരെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല
അതിനാൽതന്നെ സിബിഐ. ഉന്നയിച്ച ഗൂഢാലോചന ആരോപണം കോടതിയിൽ എത്രത്തോളം നിലനിൽക്കുമെന്നത് നവംബര്‍ 12ന് വരുന്ന വിധിയിൽ ഏറെ നിർണായകമാണ്.
Key Words : Ariyil Shukoor Murder Case, CBI Court Verdict , P. Jayarajan,

COMMENTS