ന്യൂഡൽഹി: ആത്മീയ നേതാവ് വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ കോടികൾ കൈപ്പറ്റിയെന്ന ആരോപണം പൂർണ്ണമായും തള്ളി ഇന്ത്യൻ ക്രിക...
ന്യൂഡൽഹി: ആത്മീയ നേതാവ് വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ കോടികൾ കൈപ്പറ്റിയെന്ന ആരോപണം പൂർണ്ണമായും തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കോലിക്കെതിരെ ഉയർന്നുവന്ന ഇത്തരം പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് താരത്തിന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
'ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ്' പ്രസിഡന്റായ ഫലാഹരി മഹാരാജ് (ദിനേഷ് ശർമ്മ) ആണ് കോലിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായി ഒരു രാജസ്ഥാൻ കമ്പനി വഴി വിരാട് കോലിക്ക് അഞ്ച് കോടി രൂപ നൽകി ആശ്രമത്തിലേക്ക് എത്തിക്കുകയായിരുന്നു എന്നായിരുന്നു ഫലാഹരി മഹാരാജിന്റെ വാദം.
എന്നാൽ ഈ ആരോപണങ്ങൾ അപ്പാടെ നിഷേധിച്ച കോലിയുടെ പ്രതിനിധികൾ, വെറും പരസ്യപ്രചാരണത്തിനല്ല, മറിച്ച് പ്രേമാനന്ദ് മഹാരാജിനോടുള്ള വ്യക്തിപരമായ ഭക്തിയും ആദരവും കാരണമാണ് താരം ആശ്രമം സന്ദർശിച്ചതെന്ന് വ്യക്തമാക്കി. വിരാട് കോലിയും ഭാര്യ അനുഷ്ക ശർമ്മയും നീണ്ടനാളായി പ്രേമാനന്ദ് മഹാരാജിന്റെ ഭക്തരാണ്. 2023 ജനുവരിയിൽ ആശ്രമം സന്ദർശിച്ച ഇവർ, പിന്നീട് പലതവണ ഇവിടെയെത്തി അനുഗ്രഹം തേടിയിട്ടുണ്ട്.
വ്യക്തിപരമായ ആത്മീയ യാത്രകളെ ഇത്തരം വ്യാജ പ്രചാരണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും, ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് മാധ്യമങ്ങൾ വസ്തുതകൾ കൃത്യമായി പരിശോധിക്കണമെന്നും കോലിയുടെ വക്താവ് കൂട്ടിച്ചേർത്തു.
Key Words : Virat Kohli, Allegation, Premanand Maharaj's ashram


COMMENTS