തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭ...
തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽ നിന്ന് ഇറക്കിവിടുക, സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്.
മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. കൈവശമുള്ള സ്വത്തോ മറ്റ് സാധനങ്ങളോ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും സംരക്ഷണം നൽകാതെ ഉപേക്ഷിക്കുന്നതും ശിക്ഷാർഹമായ കുറ്റങ്ങളായി കണക്കാക്കും.
ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോകുന്നുവെന്ന തോന്നൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായവും സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനായി കെയർഗിവേഴ്സ് കോഴ്സുകളും ആരംഭിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. അവരുടെ പരിചരണവും അവകാശസംരക്ഷണവും ഉറപ്പാക്കുകയാണ് പ്രത്യേക നിയമത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പുതിയ ബില്ലിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് പൊലിസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും.
Key Words : Senior Citizen, New Bill


COMMENTS