തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവർ നടത്തിയ വിദേശയ...
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവർ നടത്തിയ വിദേശയാത്രകളുടെ റീഇമ്പേഴ്സ്മെന്റ് വിവരങ്ങൾ പുറത്തുവന്നു. ഔദ്യോഗികവും സ്വകാര്യവുമായ വിദേശയാത്രകളുടെ വിമാനക്കൂലി ഇനത്തിൽ ഇവർ ആകെ 1.15 കോടി രൂപ കൈപ്പറ്റിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. നിയമപ്രകാരമുള്ള സ്കീം വഴിയാണ് ഈ തുക റീഇമ്പേഴ്സ് ചെയ്തത്.
മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ യു.എ.ഇ, നോർവേ, യു.കെ, യു.എസ്.എ, ക്യൂബ, സൗദി അറേബ്യ, സ്വിറ്റ്സർലൻഡ്, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ഔദ്യോഗിക പദവിയിലിരിക്കെ നടത്തിയ സ്വകാര്യ യാത്രകളുടെ വിവരങ്ങളും പുറത്തുവന്ന രേഖകളിലുണ്ട്.
പത്ത് വർഷത്തിനിടെ 4 സ്വകാര്യ യാത്രകളിലായി ആകെ 65 ദിവസങ്ങളാണ് അദ്ദേഹം വിദേശത്ത് ചെലവഴിച്ചത്. ഇതിൽ അമേരിക്കയിലേക്ക് നടത്തിയ മൂന്ന് യാത്രകൾ പ്രശസ്തമായ മയോ ക്ലിനിക്കിലെ ചികിത്സാ ആവശ്യങ്ങൾക്കായിരുന്നു. 2018 ജൂലൈ 9 മുതൽ 17 വരെയുള്ള അമേരിക്കൻ സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ സമീപകാലത്ത് നടത്തിയ മറ്റ് ചില സ്വകാര്യ സന്ദർശനങ്ങളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്:
• ഇന്തോനേഷ്യ: 2024 മേയ് 6 മുതൽ 12 വരെ.
• സിംഗപ്പൂർ: 2024 മേയ് 12 മുതൽ 18 വരെ.
• യു.എ.ഇ: 2024 മേയ് 19 മുതൽ 21 വരെ.
മുൻ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ സന്ദർശനങ്ങൾക്കും അതിനായി പൊതുഖജനാവിൽ നിന്ന് ചിലവഴിച്ച തുകയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ വിവരങ്ങൾ വഴിവെച്ചിട്ടുണ്ട്.
Key Words : Foreign Travel Reimbursement, Pinarayi Vijayan

COMMENTS