തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിർദ്ദേശത്തെ ...
തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിർദ്ദേശത്തെ പോസിറ്റീവായി സമീപിക്കണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. നഗരത്തിലെ നിലവിലെ സാഹചര്യങ്ങൾ മൃഗങ്ങളുടെ നിലനിൽപ്പിന് അനുയോജ്യമല്ലെന്നും, ഈ ചർച്ചയെ രാഷ്ട്രീയമായി കാണാതെ നഗരത്തിന്റെയും മൃഗങ്ങളുടെയും നന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നഗരത്തിൽ വർധിച്ചുവരുന്ന താപനിലയും അന്തരീക്ഷ വ്യതിയാനവും മൃഗങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടി. അമിതമായ ചൂട് താങ്ങാനാകാതെ പല അപൂർവ്വ ഇനം മൃഗങ്ങളും മുൻപ് ചത്തൊടുങ്ങിയിട്ടുണ്ട്. നഗരത്തിലെ ശബ്ദ-വായു മലിനീകരണവും മൃഗങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. നഗരത്തിന് പുറത്തുള്ള വനമേഖലയോട് ചേർന്ന വിശാലമായ സ്ഥലത്തേക്ക് മൃഗശാല മാറ്റുന്നതിലൂടെ അവയ്ക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കാൻ സാധിക്കുമെന്നും, പുതിയ സ്ഥലം കണ്ടെത്തുന്നതിൽ സാങ്കേതിക പരിശോധനകൾ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ബിജെപി നേതാവായ മേയർ പിന്തുണച്ചപ്പോൾ എൽ.ഡി.എഫ് ക്യാമ്പിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയരുന്നത്. നഗരഹൃദയത്തിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി വാണിജ്യ ലക്ഷ്യങ്ങളോടെ സ്വകാര്യ മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുൻ മേയറും സിപിഐ(എം) നേതാവുമായ വി.കെ. പ്രശാന്ത് ആരോപിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.'റീ ഇമാജിനിങ് കേരള' പദ്ധതിയുടെ വേദിയിലാണ് തിരുവനന്തപുരം മൃഗശാല നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് തന്റെ സ്വപ്നപദ്ധതിയെന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിച്ചത്. ഇതാണ് ഇപ്പോൾ തലസ്ഥാന നഗരിയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
Key Words : VV Rajesh, TVM Zoo Relocation

COMMENTS