ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യെയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളെയും രൂക്ഷമായി പരിഹസിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യെയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളെയും രൂക്ഷമായി പരിഹസിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടി.വി.കെ നേതാക്കളുടെ നീക്കങ്ങളെയാണ് പളനിസ്വാമി മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യം ചെയ്തത്.
വിജയ്ക്ക് പ്രധാനമന്ത്രി പദം മാത്രമല്ല, വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് വരെയാകാമെന്നും ഡൊണാൾഡ് ട്രംപിന് പകരക്കാരനാകാമെന്നും അദ്ദേഹം കോയമ്പത്തൂരിൽ പരിഹസിച്ചു. ആർക്കും എന്തും സ്വപ്നം കാണാമെന്നും എന്നാൽ ഭരണം നടത്താൻ സോഷ്യൽ മീഡിയ റീലുകളല്ല, താഴേത്തട്ടിലുള്ള യഥാർത്ഥ പ്രവർത്തനങ്ങളാണ് വേണ്ടതെന്നും പളനിസ്വാമി ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് നിലവിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും അഴിമതിയും വിലക്കയറ്റവും വർദ്ധിച്ചുവെന്നും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. ഒരു വശത്ത് സാധാരണ കർഷകനായി സ്വയം ചിത്രീകരിക്കുന്ന മുഖ്യമന്ത്രി വിജയ്, മറുവശത്ത് ചാർട്ടേഡ് വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിജയിനെ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ടി.വി.കെ നേതാക്കളായ ആദവ് അർജുനയും ശരത്കുമാറും നടത്തിയ പരാമർശങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. സഖ്യകക്ഷികൾക്കിടയിലും പ്രതിപക്ഷത്തും ഇത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരവും രംഗത്തെത്തുകയും ഇത് വെറും 'ഫാൻ ക്ലബ്ബ് ചിന്താഗതി' ആണെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി വിജയോ ടി.വി.കെ നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Key Words : Vijay, US President, Edappadi Palaniswami

COMMENTS