ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിനു സമീപം കടലിൽ ശക്തമായ രണ്ട് സ്ഫോടനങ്ങൾ നടന്നു. ശനിയാഴ്ച സമുദ്രമേഖലയിൽനിന്നാണ് വലി...
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിനു സമീപം കടലിൽ ശക്തമായ രണ്ട് സ്ഫോടനങ്ങൾ നടന്നു. ശനിയാഴ്ച സമുദ്രമേഖലയിൽനിന്നാണ് വലിയ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) അറിയിച്ചു. സ്ഫോടനത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചോ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം കടുക്കുന്നതിനിടയിലാണ് പുതിയ സംഭവം. തങ്ങളുടെ താവളങ്ങൾക്കു നേരെ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, അന്താരാഷ്ട്ര എണ്ണ ടാങ്കറുകളെയും ഗൾഫിലെ യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് മേഖല വഴിയുള്ള ആഗോള ഇന്ധന വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
മറുഭാഗത്ത്, ഇറാന്റെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾ തടയാൻ വാണിജ്യ കപ്പലുകൾക്കെതിരെ അമേരിക്കൻ നാവികസേനയും നടപടികൾ കടുപ്പിച്ചിട്ടുണ്ട്. ലോകത്തെ നിർണായക ഇന്ധന പാതയിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നത് അന്താരാഷ്ട്ര വിപണിയിലും കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.
Key Words : Twin Explosion, Strait of Hormuz; US-Iran Tensions

COMMENTS