വാഷിങ്‌ടൺ: കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അമേരിക്കയുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന പുതിയ 'വിശാല...
വാഷിങ്‌ടൺ: കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അമേരിക്കയുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന പുതിയ 'വിശാല ഭൂപടം' പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പുറത്തുവിട്ട ഭൂപടം അന്താരാഷ്ട്ര തലത്തിൽ വൻ നയതന്ത്ര പ്രതിസന്ധിക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 23 പരമാധികാര രാജ്യങ്ങളെ പൂർണ്ണമായും അമേരിക്കൻ പതാകയ്ക്കുള്ളിലാക്കി, 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' എന്ന ഒരൊറ്റ പേരിന് കീഴിലാണ് ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ചിത്രം പങ്കുവെച്ചുകൊണ്ട് "വലിയ അതിർത്തികൾ, വലിയ രാജ്യം" എന്ന അടിക്കുറിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ക്യൂബ, വെനിസ്വേല, കരീബിയൻ ദ്വീപുകൾ എന്നിവയും ഈ ഭൂപടത്തിൽ യുഎസിന്റെ ഭാഗമാണ്.
ട്രംപിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് വിവിധ രാജ്യങ്ങൾ പ്രതികരിച്ചത്. ഭൂപടത്തിൽ തങ്ങളുടെ രാജ്യത്തെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐസ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം യുഎസ് അംബാസഡർ ബില്ലി ലോങ്ങിനെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. ട്രംപിന്റെ പോസ്റ്റ് തികച്ചും അനുചിതവും ഒരു പരമാധികാര രാഷ്ട്രത്തോടുള്ള അനാദരവുമാണെന്ന് ഐസ്‌ലൻഡ് വ്യക്തമാക്കി.
മെക്സിക്കോ ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ കോളനിയോ സംരക്ഷിത പ്രദേശമോ ആകില്ലെന്നും തങ്ങൾ പരമാധികാരമുള്ള സ്വതന്ത്ര രാജ്യമാണെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ശക്തമായി പ്രതികരിച്ചു. കാനഡയും സംഭവത്തിൽ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
അയൽരാജ്യങ്ങളുമായുള്ള ട്രംപിന്റെ അതിർത്തി-വ്യാപാര തർക്കങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വഷളാകുന്നതിന്റെ സൂചനയാണ് പുതിയ ഭൂപടം. കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലെ 'ന്യൂ മെക്സിക്കോ' എന്ന സംസ്ഥാനത്തിന്റെ പേര് മാറ്റി 'ന്യൂ അമേരിക്ക' എന്നാക്കിയെന്ന തരത്തിലുള്ള വ്യാജ വാർത്തകൾക്ക് പിന്നാലെ, ട്രംപ് ന്യൂ മെക്സിക്കോയിലെ 'മെക്സിക്കോ' എന്ന ഭാഗം വെട്ടി 'അമേരിക്ക' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ഭൂപടം പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടുകളും ഇത് പങ്കുവെച്ചിരുന്നു.
ഇതിനുപുറമെ, കാനഡയുമായി അതിർത്തി പങ്കിടുന്ന പ്രശസ്തമായ 'ലേക്ക് ഒന്റാരിയോ' (Lake Ontario) തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കി മാറ്റിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു. ഗ്രീൻലൻഡ് ദ്വീപ് വിലയ്ക്ക് വാങ്ങാൻ താല്പര്യമുണ്ടെന്ന് ട്രംപ് തന്റെ ആദ്യ ഭരണകാലത്തുതന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയായാണ് ഇപ്പോൾ അയൽരാജ്യങ്ങളുടെ അതിരുകൾ മായ്ച്ചുകളയുന്ന പുതിയ ഭൂപടവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
Key Words : US Map, Donald Trump

COMMENTS