തിരുവനന്തപുരം : മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ക...
തിരുവനന്തപുരം : മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്. വിദേശ പണ ഇടപാടിൽ നടന്നത് ഗുരുതര ചട്ടലംഘനമാണെന്നും കണ്ടെത്തി.
സ്പോൺസർക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും, ബാങ്ക് ഗ്യാരന്‍റി ഒഴിവാക്കാൻ സർക്കാർ കൂട്ട് നിന്നതായും റിപ്പോർട്ടിലുണ്ട്. മത്സരം നടത്താനുള്ള സാമ്പത്തികസ്ഥിതി പരിശോധിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറാക്കിയതായാണ് കണ്ടെത്തൽ. ഇതിലൂടെ കോടികളുടെ വരുമാനമാണ് സ്പോൺസർ ലക്ഷ്യമിട്ടത്. സർക്കാരിനുള്ള വരുമാനം കണക്കാക്കിയില്ലെന്നും കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടില്‍ പറയുന്നു.
ആർബിസിക്ക് സ്പോൺസർഷിപ്പ് നൽകിയതിൽ ചട്ടലംഘനമുണ്ടായതായും, റിപ്പോർട്ടർ കമ്പനിയുടെ കോർപ്പറേറ്റ് രേഖകൾ പരിശോധിച്ചില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാണ്. കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്നും അന്വേഷിച്ചില്ല. വിദേശത്തേക്ക് പണം അയച്ചതിൽ ചട്ടലംഘനമുണ്ടായെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തല്‍. പണം അയച്ചത് ഫെമ ചട്ടം ഷെഡ്യൂൾ 2 പ്രകാരമാണ്. ഇതിലൂടെ സ്പോണ്‍സര്‍ക്ക് ബാങ്ക് ഗ്യാരന്‍റി ഒഴിവായിക്കിട്ടി.
ഇതിൽ കായിക വകുപ്പിന്‍റെ ഗൂഢാലോചന സംശയിക്കുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ഇടപാടുകളിലും ദുരൂഹതയുണ്ട്. പണമിടപാടിന് പിന്നിൽ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യം വിലയിരുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്പോൺസർക്ക് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാതെയാണ് സ്റ്റേഡിയം കൈമാറാൻ നിര്‍ദ്ദേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്‍ കായിക മന്ത്രിയുടെ ഓഫീസ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി 2022 മുതൽ കത്തിടപാട് നടത്തുന്നുണ്ട്.
കരാർ ഒപ്പിടും വരെയും ഈ വിവരം മറ്റൊരു വകുപ്പിനെയും അറിയിച്ചിരുന്നില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വകുപ്പിന് ഫയൽ അയക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണെന്നും റിപ്പോർട്ടിലുണ്ട്. എഎഫ്എയും, സ്പോൺസറും തമ്മിലുണ്ടാക്കിയ കരാറിലും ക്രമക്കേട് നടന്നു. സ്പോണ്‍സറെ തീരുമാനിച്ചുള്ള ഉത്തരവ് ഇറങ്ങുന്നതിന് നാല് ദിവസം മുമ്പാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഒപ്പിടാനുള്ള അനുമതി നല്‍കുന്നത് ഒപ്പിട്ട് 18 ദിവസം കഴിഞ്ഞായിരുന്നു. മുൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ചയുണ്ടായി എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
key words : Messi, Kerala

COMMENTS