പത്തനംതിട്ട : ശബരിമലയിൽ കന്നി മാസ പൂജയ്‌ക്കെത്തിയ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാത്ത സംഭവത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ കടുത്ത അതൃപ്തി ...
പത്തനംതിട്ട : ശബരിമലയിൽ കന്നി മാസ പൂജയ്‌ക്കെത്തിയ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാത്ത സംഭവത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണമെന്നും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണയായി നട അടച്ചിരുന്ന സമയത്താണ് ഇത്തരം പ്ലാന്റ് ശുദ്ധീകരണങ്ങൾ നടത്താറുള്ളത്. പരസ്പരം പ്രസ്താവനകൾ ഇറക്കുന്നതിൽ കാര്യമില്ലെന്നും, ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തം നിർവഹിച്ചേ മതിയാകൂ എന്നും വ്യക്തമാക്കിയ മന്ത്രി, ആവശ്യമെങ്കിൽ വിഷയത്തിലെ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും പറഞ്ഞു.
ഒരു സ്പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ ഇത് നടപ്പാക്കണമോ എന്നത് പിന്നീട് തീരുമാനിക്കും. ഭക്തർക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാൻ പാടില്ലെന്നും, മണ്ഡലകാലത്തിന് മുൻപ് ദർശനത്തിന് വരുന്നവർക്ക് അരവണയും അപ്പവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നട അടയ്ക്കുമ്പോൾ പ്ലാന്റിൽ പണികൾ നടത്തിയാൽ പോരെയെന്നും, അല്ലെങ്കിൽ ബദൽ സംവിധാനം കൊണ്ടുവരണമെന്നും പറഞ്ഞ മന്ത്രി, ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണെന്നും കുറ്റപ്പെടുത്തി.
Key Words : Appam, Aravana, Sabarimala

COMMENTS