പത്തനംതിട്ട : മണ്ഡലതീര്‍ത്ഥാടനം അടുത്തിരിക്കെ ഇവര്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭക്തജനങ്ങള്‍ക...
പത്തനംതിട്ട : മണ്ഡലതീര്‍ത്ഥാടനം അടുത്തിരിക്കെ ഇവര്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. തീര്‍ത്ഥാടന കാലം സുഗമമായി നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ക്ക് നാളിതുവരെ തുടക്കമായിട്ടില്ല. ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ട് മണ്ഡലമാസം മുന്‍ നിര്‍ത്തി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമായും അവതാളത്തിലാണ്. അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഈ സമയം വരെ സജ്ജമായിട്ടില്ല.
അരവണ ടിന്നുകള്‍ക്കും അതിനാവശ്യമായ ഫ്‌ലിപ്പ് ലീഡുകള്‍ക്കും നാളിതുവരെ കരാര്‍ നല്‍കിയിട്ടില്ല. ഫ്‌ലിപ്പ് ലീഡുകള്‍ വിദേശത്ത് നിന്ന് വരാന്‍ കാലതാമസം എടുക്കുമെന്നിരിക്കേ കഴിഞ്ഞ ജൂണ്‍ - ജൂലൈ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട കരാര്‍ നടപടികളാണ് ഇതുവരെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാതിരിക്കുന്നത്. കന്നിമാസ പൂജയ്‌ക്കെത്തിയ ഭക്തര്‍ക്ക് ആവശ്യമായ അരവണ നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല.
ഉണ്ണിയപ്പ നിര്‍മ്മാണത്തിനാവശ്യമായ കാര ലഭ്യമാക്കാത്തതിനാല്‍ അതിന്റെ ലഭ്യതയും പ്രതിസന്ധിയിലാണെന്നറിയുന്നു. ഈ സീസണ്‍ കാലത്ത് ആവശ്യമായ 50 ലക്ഷം ടണ്‍ ശര്‍ക്കരയുടെ കരാറും വൈകുകയാണ്. അരവണ, ഉണ്ണിയപ്പം എന്നിവയ്ക്കാവശ്യമായ ഏലയ്ക്ക, ജീരകം, ചുക്കുപൊടി എന്നിവയുടെ കരാറും പൂര്‍ത്തിയായിട്ടില്ല.
ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തുടരുകയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിക്കുന്ന നടപടികള്‍ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആവശ്യമായ പിന്‍തുണ നല്‍കുന്നില്ല.
നിലയ്ക്കല്‍ -പമ്പ യാത്രക്ലേശം പരിഹരിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. അന്യഥാ കോടികള്‍ സര്‍ക്കാരിന് വരുമാനമുണ്ടാക്കുമ്പോള്‍ നിലയ്ക്കല്‍ പമ്പ KSRTC യാത്ര സൗജന്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. അഥവാ സര്‍ക്കാരിനതു കഴിയില്ലെങ്കില്‍ അതിന് തയ്യാറായ ഹിന്ദു സംഘടനകളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സന്നിധാനത്ത് അയ്യപ്പന്‍മാര്‍ക്ക് അന്നദാനം നല്‍കുന്നതില്‍ നിന്ന് ഭക്തജന സംഘടനകളെ ഒഴിവാക്കിയത് ദേവസ്വം ബോര്‍ഡിന്റെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നെങ്കിലും തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.
വകുപ്പ് തല ഏകോപനം നടക്കാതത്തിനാല്‍ കുടിവെള്ളം, ശുചിമുറി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും ദേവസ്വം ബോര്‍ഡില്‍ തുടര്‍ക്കഥയാവുകയാണ്. ശബരിമലയില്‍ സമര്‍പ്പിക്കപ്പെട്ട 55 പവന്റെ സ്വര്‍ണ്ണകീരിടം പോലും നഷ്ടപ്പെട്ട അവസ്ഥ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ 31000 ഏക്കര്‍ ഭൂമി ദേവസ്വം ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും ഒഴിഞ്ഞ് മാറാനാവില്ല. ഡിജിറ്റല്‍ സര്‍വ്വേ മൂലം ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം പോലും ദേവസ്വങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. തിരുവാഭരണങ്ങളുടെ സുരക്ഷിതത്വത്തില്‍ ഹൈക്കോടതി പോലും സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
സമയാസമയങ്ങളില്‍ ഓഡിറ്റ് നടത്തി വരവ് ചിലവ് കണക്കുകള്‍ ഭക്തരെ അറിയിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കഴിയുന്നില്ല. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം ബോര്‍ഡ് തയ്യാറാവുന്നില്ല. ഉപദേശക സമിതികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഉപദേശകസമിതിഅംഗമാകാന്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ് വേണമെന്ന നിബന്ധന ഇതിനുദാഹരണമാണ്.
ദേവസ്വം വിഷയങ്ങളില്‍ ഭക്തജനങ്ങളുടെ ആശങ്കയറിക്കാന്‍ ശ്രമിച്ച ഹിന്ദു സംഘടന ഭാരവാഹികള്‍ക്ക് അതിനുള്ള അവസരം ദേവസ്വം മന്ത്രി നിഷേധിക്കുകയാണ് ചെയ്തത്. ശബരിമല വിഷയത്തില്‍ പരസ്പരം പഴിചാരി ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Key Words : Devaswom Board , Sabarimala, Hindu Aikya Ved

COMMENTS