ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മുപ്പതോളം ...
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2:20 ഓടെ ഖൈബർ പഖ്തൂൺഖ്വയിലെ ദേരാ ഇസ്മയിൽ ഖാൻ ജില്ലയിലുള്ള ദരാസിന്ദ മേഖലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
റോഡരികിലെ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് ചെക്ക്പോസ്റ്റിന് സമീപം തദ്ദേശവാസികൾ പങ്കെടുത്ത സമാധാന യോഗം നടക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടുന്നു.
സ്‌ഫോടന വിവരമറിഞ്ഞ് പ്രവിശ്യാ അടിയന്തര വിഭാഗമായ റെസ്ക്യൂ 1122 സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന.നിരോധിച്ച ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (TTP) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണങ്ങൾ ശക്തമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോഹട്ടിലെ പൊലീസ് ലൈൻസ് മസ്ജിദിൽ ഇതേ രീതിയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ച് തിരച്ചിൽ ശക്തമാക്കിയതായി പാക് അധികൃതർ അറിയിച്ചു.
Key Words : Terrorist Attack, Pakistan, Bombing

COMMENTS