മുംബൈ: ഐഐടി ബോംബെ ക്യാമ്പസിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. എനർജി സയൻ...
മുംബൈ: ഐഐടി ബോംബെ ക്യാമ്പസിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. എനർജി സയൻസ് വിദ്യാർത്ഥിയായ സഹിൽ വക്കോഡെയാണ് (22) കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ ഉണ്ടായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട ഭയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സഹപാഠികൾ ആരോപിക്കുന്നു.
സംഭവത്തിൽ മുംബൈ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ് ജിപിടിയിൽ (ChatGPT) അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ സഹിൽ പിടിയിലായിരുന്നു. തുടർന്ന് അധ്യാപകർ ഒരു വർഷത്തെ സസ്‌പെൻഷൻ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും, ഈ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.
എന്നാൽ വിദ്യാർത്ഥിക്കെതിരെ ഔദ്യോഗിക നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും, കൗൺസിലിംഗ് നൽകാനാണ് അധികൃതർ ശ്രമിച്ചതെന്നും ഐഐടി ബോംബെ മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.മരിച്ച സഹിലിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഐഐടി ബോംബെ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. ക്യാമ്പസിലെ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നതിനാൽ ക്യാമ്പസിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Key Words : ChatGPT, IIT Bombay

COMMENTS