ന്യൂഡൽഹി: അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. പാർട്ടിയുടെ മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ടിന്റെ നേത...
ന്യൂഡൽഹി: അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. പാർട്ടിയുടെ മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ 'കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്' (സിജെപി-ഡി) എന്ന പുതിയ രാഷ്ട്രീയ വിഭാഗം രൂപീകരിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ് ബ്രഹ്മഭട്ട് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
സിജെപി ദേശീയ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പുതിയ വിഭാഗത്തിന്റെ രൂപീകരണം. ജന്തർ മന്ദിർ പ്രക്ഷോഭത്തിന് ശേഷം പാർട്ടി കൺവീനർ അഭിജീത് ദിപ്കേ പ്രസ്ഥാനത്തെ ആം ആദ്മി പാർട്ടിക്ക് (എഎപി) വിലപേശി വിറ്റുവെന്ന് മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. പാർട്ടി ഇപ്പോൾ വെറുമൊരു 'ടീം കെജ്രിവാൾ' ആയി മാറിയിരിക്കുകയാണ്. സമരരംഗത്തുണ്ടായിരുന്ന യഥാർത്ഥ വൊളന്റിയർമാരെയും വിദ്യാർത്ഥികളെയും ദേശീയ വർക്കിങ് കമ്മിറ്റിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയെന്നും, ദിപ്കെയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടുതൽ സുതാര്യതയോടെയും ജനാധിപത്യ രീതിയിലുമായിരിക്കും സിജെപി-ഡി മുന്നോട്ട് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തങ്ങൾക്കെതിരെ ഉയരുന്ന 'ബി ടീം' ആരോപണങ്ങളെ സിജെപി നേതാവ് അഭിജീത് ദിപ്കേ തള്ളിപ്പറഞ്ഞു. തങ്ങൾ കോൺഗ്രസിന്റെയോ എഎപിയുടെയോ ബി ടീം അല്ലെന്നും, മറിച്ച് വിദ്യാർത്ഥികളുടെ 'എ ടീം' (A Team) ആണെന്നുമാണ് ദിപ്കെയുടെ പ്രതികരണം. പാർട്ടിയിലെ പുതിയ പിളർപ്പും രാഷ്ട്രീയ ആരോപണങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Key Words : CJP

COMMENTS