കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. കേസിൽ നിലവിൽ വിചാരണ ന...
കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. കേസിൽ നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ നിന്ന് തങ്ങൾക്ക് നീതിപൂർവമായ വിചാരണ ലഭിക്കില്ലെന്ന് കാണിച്ച് പ്രതികളായ ആകാശ് തില്ലങ്കേരി, രാജിൽ രാജ്, ജിതിൻ എന്നിവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി. എസ്. ഡയസ് തള്ളിയത്.
വിചാരണക്കോടതി ജഡ്ജിക്കെതിരെ പ്രതികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ നടപടികൾ ബോധപൂർവ്വം നീട്ടി വെക്കാനും തടസ്സപ്പെടുത്താനുമുള്ള നീക്കമാണിതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എടയന്നൂരിലെ എസ്. പി. ഷുഹൈബിനെ ഒരു സംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസ് നടന്നിട്ട് വർഷങ്ങളായതിനാൽ വിചാരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി തലശ്ശേരി കോടതിക്ക് നിർദ്ദേശം നൽകി.
അതേസമയം, സാക്ഷികളെ വിസ്തരിക്കുന്നതിന് പ്രതിഭാഗത്തിന് അർഹമായ പൂർണ്ണ അവസരം നൽകണമെന്നും, ചോദ്യം ചെയ്യലുമായി പ്രതിഭാഗം അഭിഭാഷകർ സഹകരിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

COMMENTS