ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിച്ച സംഭവത്തിൽ സ്വയംപ്രഖ്യാപിത 'ലേഡി അഘോരി' കാളി നന്ദ...
ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് വാൾ ഉപയോഗിച്ച് മൃതദേഹഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിച്ച സംഭവത്തിൽ സ്വയംപ്രഖ്യാപിത 'ലേഡി അഘോരി' കാളി നന്ദ് ഗിരിയെ ഉജ്ജയിൻ പോലീസ് അറസ്റ്റ് ചെയ്തു. ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ പകർത്തി പുറത്തുവിട്ടതിനെ തുടർന്നാണ് പോലീസ് നടപടി.
ശ്മശാനത്തിന്റെ മേൽനോട്ടക്കാരനായ വിഷ്ണു മഹാരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ശ്മശാനത്തിൽ അതിക്രമിച്ചു കയറൽ, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തൽ, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാളി നന്ദ് ഗിരി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ജനനം കൊണ്ട് പുരുഷനാണെന്നും അല്ലൂരി ശ്രീനിവാസ് എന്നായിരുന്നു മുൻകാല പേരെന്നും പോലീസ് അറിയിച്ചു. പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വം സ്വീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ താന്ത്രിക ചടങ്ങുകളുടെ പേരിൽ തെലങ്കാന സ്വദേശിയായ സ്ത്രീയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് ഉജ്ജയിൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിനെതിരെ സന്യാസി സമൂഹത്തിൽനിന്ന് വലിയ പ്രതിഷേധമുയർന്നു. ഇത്തരം അപരിഷ്കൃതമായ പ്രവൃത്തികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ജൂന അഖാരയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി പ്രതികരിച്ചു.
Key words : Lady Aghori, Arrest

COMMENTS