തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയ കേസിൽ, പിഎസ്‍സി അംഗങ്ങൾ ചോദ്യം ചെയ...
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയ കേസിൽ, പിഎസ്‍സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ എന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും കത്തു നൽകി. ഭരണഘടനാ സ്ഥാപനമെന്ന പരിഗണന നൽകി ചോദ്യം ചെയ്യൽ പിഎസ്‍സി ആസ്ഥാനത്തു വെച്ചാകാമെന്ന നിർദേശം തള്ളിയ ക്രൈംബ്രാഞ്ച്, തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തുതന്നെ മൊഴി നൽകാൻ ഹാജരാകണമെന്ന കർശന നിലപാടിലാണ്. ക്രിമിനൽ നടപടികളിൽ പിഎസ്‍സി അംഗങ്ങൾക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്നും അന്വേഷണ സംഘം ഓർമ്മിപ്പിച്ചു.
പിഎസ്‍സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാർ, സി.കെ. ഷാജിബ്, സ്റ്റാനി തോമസ് എന്നിവർക്കാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയിട്ടുള്ളത്. സാക്ഷികളെന്ന നിലയിൽ മൊഴിയെടുക്കേണ്ട സ്ഥലം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം നിയമപരമായി അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.എന്നാൽ, പ്രോട്ടോക്കോൾ പ്രകാരം കമ്മീഷൻ അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന നിലപാടിലാണ് പിഎസ്‍സി. അന്വേഷണത്തോട് സഹകരിക്കാമെന്നും എന്നാൽ ചോദ്യം ചെയ്യൽ പിഎസ്‍സി ആസ്ഥാനത്തു വെച്ചാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ക്രൈംബ്രാഞ്ചിന്റെ കർശന നിലപാടിനെതിരെ പിഎസ്‍സി അംഗങ്ങൾ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആസൂത്രണ ബോർഡ് ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ വലിയ രീതിയിലുള്ള മൂല്യനിർണയ വീഴ്ചകൾ നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരീക്ഷയിലെ 10 പ്രധാന ചോദ്യങ്ങളുടെ (ആകെ 58 മാർക്ക്) മൂല്യനിർണയം നടത്താതെ പൂർണ്ണമായും ഒഴിവാക്കിയാണ് ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നൽകിയത്.
ഗുരുതരമായ ഈ വീഴ്ചയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ എസ്‌ഐടി നേരത്തെ ശുപാർശ ചെയ്തിരുന്നു. വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് പിഎസ്‍സി ഈ പരീക്ഷയുടെ പുതുക്കിയ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസങ്ങളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസിൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നതിനിടെയാണ് പിഎസ്‍സിയും ക്രൈംബ്രാഞ്ചും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നത്.
Key Words : PSC, Crime Branch

COMMENTS