ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വാഹനവ്യൂഹത്തിന് നേരെ മദ്യക്കുപ്പിയും മുട്ടയുമായി പ്രതിഷേധിച്ച ബിജെപി നേതാവും മുൻ കേന്ദ്ര സഹമ...
ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വാഹനവ്യൂഹത്തിന് നേരെ മദ്യക്കുപ്പിയും മുട്ടയുമായി പ്രതിഷേധിച്ച ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടുവിനെ ലുധിയാന പൊലീസ് കസ്റ്റഡിയിലെടുത്തു. ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ (PAU) നടന്ന ‘കിസാൻ മേള’യിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സർവകലാശാല ഗേറ്റിന് മുന്നിൽ ഒരു കയ്യിൽ മദ്യക്കുപ്പിയും മറുകയ്യിൽ മുട്ടയും തക്കാളിയുമായി നിലയുറപ്പിച്ച ബിട്ടു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ സമയം മദ്യക്കുപ്പി ഉയർത്തിക്കാട്ടി പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ തക്കാളിയും മുട്ടയുമെറിയാൻ ശ്രമിച്ചതിനെത്തുടർന്ന് പഞ്ചാബ് പൊലീസ് ഇദ്ദേഹത്തെ സംഭവസ്ഥലത്തുനിന്നു തന്നെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം പഠാൻകോട്ടിലേക്ക് ബിജെപിയുടെ ‘നശാ മുക്ത് പഞ്ചാബ് യാത്ര’യുമായി പോകുന്നതിനിടെ തന്റെ വാഹനവ്യൂഹത്തിന് നേരെ ആം ആദ്മി പാർട്ടി (AAP) പ്രവർത്തകർ മുട്ടയും തക്കാളിയും എറിഞ്ഞതായി ബിട്ടു ആരോപിച്ചിരുന്നു. ഇതിന് ‘തിരിച്ചു നൽകൽ’ എന്ന രീതിയിലാണ് താൻ മുഖ്യമന്ത്രിക്ക് നേരെ ഇതേ സാധനങ്ങളുമായി എത്തിയതെന്ന് ബിട്ടു വ്യക്തമാക്കി. അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലിരുന്ന് പഞ്ചാബ് കൊള്ളയടിക്കുമ്പോൾ മുഖ്യമന്ത്രി മദ്യം കഴിച്ച് ആസ്വദിക്കട്ടെയെന്നും, ആ കുപ്പി താൻ മന്നിന് തിരികെ നൽകുകയാണെന്നും ബിട്ടു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊലീസ് കേസുകൾ കൊണ്ടോ കസ്റ്റഡി നടപടികൾ കൊണ്ടോ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും, ജനാധിപത്യപരമായ രീതിയിൽ തങ്ങൾ പ്രതിഷേധം തുടരുമെന്നും കസ്റ്റഡിയിലായതിന് ശേഷം ബിട്ടു പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Key Words : Protest,Former Union Minister Ravneet Singh Bittu

COMMENTS