തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വിജിലൻസ് നടപ്പിലാക്കുന്ന 'പ്രോജക്ട് സീറോ' പദ്ധ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വിജിലൻസ് നടപ്പിലാക്കുന്ന 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപക അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി. 1600 അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലൻസ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി. ഇതിൽ ഗുരുതരമായ രീതിയിൽ അഴിമതിയിൽ ഏർപ്പെടുന്ന 250 പേരെ 'റെഡ് കാറ്റഗറിയിൽ' ഉൾപ്പെടുത്തി അതീവ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), മോട്ടോർ വാഹന വകുപ്പ് (MVD) എന്നിവയിലെ ഉദ്യോഗസ്ഥരാണ് അഴിമതിക്കാരുടെ പട്ടികയിൽ ഏറ്റവും കൂടുതലുള്ളത്. വിജിലൻസ് നിരീക്ഷണം ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനായി പുതിയ ഹൈടെക് ശൈലികളാണ് സ്വീകരിക്കുന്നത്. വിദേശത്ത് പഠിക്കുന്ന മക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരെ ഇടനിലക്കാർ വഴി നേരിട്ട് പണം എത്തിക്കുന്ന രീതിയും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലിയായി വാങ്ങുന്ന പണം സ്വന്തം പേരിൽ സൂക്ഷിക്കാതെ, പിടിക്കപ്പെടാതിരിക്കാനായി ബിനാമി ഇടപാടുകളാണ് ഭൂരിഭാഗം അഴിമതിക്കാരായ ഉദ്യോഗസ്ഥരും നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും ബിനാമി നിക്ഷേപങ്ങളെക്കുറിച്ചും വിജിലൻസ് രഹസ്യ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) സഹായത്തോടെ ഫയൽ നീക്കങ്ങളിലെ അസ്വാഭാവികതകൾ നിരീക്ഷിച്ചാണ് വിജിലൻസ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നിയമനടപടികളും വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Key Words : Project Zero, Corrupt; Vigilance

COMMENTS