Palarivattom Robbery Case: Six Arrested for Stripping Women and Robbing Them
കൊച്ചി: പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസില്‍ ആറു പ്രതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലീസ് പിടികൂടി. ഒരാളെ കൂടി കിട്ടാനുണ്ട്. അഞ്ചു പേര്‍ കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തവരും രണ്ടു പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളുമാണ്.
ഇരകളും രണ്ടു പ്രതികളുമായി മുന്‍പ് കച്ചവട ബന്ധമുണ്ടായിരുന്നു. ഇവ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കവര്‍ച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംസ്‌കാര ജംക്ഷനു സമീപമുള്ള വാടകവീട്ടില്‍ പുലര്‍ച്ചെ 12.30നും 1.15നും ഇടയിലായിരുന്നു സംഭവം. ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ പ്രതികള്‍ വാതിലുകള്‍ അകത്തുനിന്നു പൂട്ടി താമസക്കാരെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.
വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രമഴിച്ച് പ്രതികള്‍ അപമാനിക്കുകയും അവരുടെ സ്വര്‍ണമാലയും കമ്മലും ഉള്‍പ്പെടെ കവരുകയും ചെയ്തു. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, എടിഎം കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയടക്കം ആകെ ആറു ലക്ഷം രൂപയുടെ വസ്തുക്കളാണ് കവര്‍ന്നത്. അസം നാഗാവ് സ്വദേശിയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മോഷ്ടിക്കപ്പെട്ട എല്ലാ ഫോണുകളും പണത്തിന്റെ ഒരു ഭാഗവും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളില്‍ അഞ്ചു പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ബാക്കി മോഷണവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനായുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.


COMMENTS