ന്യൂഡൽഹി: പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത തുടർച്ചയായി അടച്ചിട്ടിരിക്കുന്നത് മൂലമുണ്ടാകുന്ന യാത്രാപ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങളുമായി ഇന്ത്...
ന്യൂഡൽഹി: പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത തുടർച്ചയായി അടച്ചിട്ടിരിക്കുന്നത് മൂലമുണ്ടാകുന്ന യാത്രാപ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങളുമായി ഇന്ത്യ. ചൈനയിലെ ഷിൻജിയാങ്ങിലുള്ള ഹോട്ടൻ പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള പുതിയ വ്യോമപാത ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപു രാം മോഹൻ നായിഡു അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി നയതന്ത്രതല ചർച്ചകൾ നടത്തിവരികയാണ്. 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയത്. ഈ വിലക്ക് പാക്കിസ്ഥാൻ വീണ്ടും നീട്ടിയ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തര ബദൽ മാർഗങ്ങൾ തേടുന്നത്.
നിലവിൽ പാക് വ്യോമപാത അടഞ്ഞുകിടക്കുന്നതിനാൽ ഉത്തരേന്ത്യയിൽ നിന്നും പശ്ചിമേന്ത്യയിൽ നിന്നും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾക്ക് അറേബ്യൻ കടൽ വഴി മസ്കത്തിലേക്ക് തിരിഞ്ഞുപോകേണ്ടി വരികയാണ്. ഇത് യാത്രാസമയത്തിൽ 45 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വർധനവാണ് ഉണ്ടാക്കുന്നത്. സമയക്കൂടുതൽ മൂലം വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും വൻതോതിൽ ഉയർന്നിട്ടുണ്ട്. ഇത് ടിക്കറ്റ് നിരക്കുകളെയും ബാധിക്കുന്നുണ്ട്.
ചൈനയ്ക്ക് പുറമെ ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും കേന്ദ്ര സർക്കാർ സജീവമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പുതിയ റൂട്ടുകൾ നിശ്ചയിക്കുക.
ചൈനയുടെ ഷിൻജിയാങ് വഴിയുള്ള വ്യോമപാത യാഥാർത്ഥ്യമാവുകയാണെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികൾ നേരിടുന്ന വലിയ സാമ്പത്തിക നഷ്ടത്തിന് പരിഹാരമാകും. ഒപ്പം യാത്രക്കാർക്ക് സമയലാഭവും കുറഞ്ഞ യാത്രാനിരക്കും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

COMMENTS