മുംബൈ: ഐഐടി ബോംബെയിലെ ബിടെക് രണ്ടാംവർഷ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് എക്സിൽ പങ്കുവെച്ച കുറിപ്...
മുംബൈ: ഐഐടി ബോംബെയിലെ ബിടെക് രണ്ടാംവർഷ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് എക്സിൽ പങ്കുവെച്ച കുറിപ്പ് വലിയ വിവാദത്തിലേക്ക്. സംഭവത്തിൽ പ്രതിക്കൂട്ടിലായ പ്രൊഫസർ സൂര്യനാരായണ ദൂല്ലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഷമ മുഹമ്മദ് എഴുതിയ വരികളാണ് വ്യാപക വിമർശനത്തിന് കാരണമായിരിക്കുന്നത്.
പരീക്ഷാ ഹാളിൽ വെച്ച് വിദ്യാർഥി ക്രമക്കേട് കാട്ടിയപ്പോൾ ശാസിക്കുന്നതും പുറത്താക്കുന്നതും സ്വാഭാവിക നടപടിയാണെന്ന് ഷമ മുഹമ്മദ് കുറിച്ചു. തങ്ങളുടെ കുട്ടിക്കാലത്ത് അധ്യാപകരും മാതാപിതാക്കളും തെറ്റുകൾക്ക് ശാസിച്ചിരുന്നുവെന്നും, "ഞങ്ങളുടെ തലമുറ മാനസികമായി ശക്തരായിരുന്നു" എന്നും അവർ കൂട്ടിച്ചേർത്തു. താൻ പൂർണ്ണമായും പ്രൊഫസർക്കൊപ്പമാണെന്നും അവർ വ്യക്തമാക്കി.
മാനസികാരോഗ്യ പ്രശ്നങ്ങളോടും ജാതി വിവേചനങ്ങളോടും തികച്ചും അനാദരവ് കാണിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നത്. മരണപ്പെട്ട വിദ്യാർഥി ദലിത് വിഭാഗത്തിൽപ്പെട്ട ആളായതിനാൽ, കോൺഗ്രസ് നേതാവിന്റേത് ദലിത് വിരുദ്ധ മനോഭാവമാണെന്നും വിമർശകർ ആരോപിക്കുന്നു.
വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. താൻ ദലിതർക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പരീക്ഷയിലെ ക്രമക്കേട് തടയാൻ ഇൻവിജിലേറ്റർക്കുള്ള അവകാശത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഐഐടിയിലെ എസ്‌സി/എസ്ടി സെല്ലിൽ പരാതിപ്പെടുകയാണ് വേണ്ടതെന്നും അവർ പിന്നീട് കുറിച്ചു.
ഐഐടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ വകോഡെ സെമസ്റ്റർ പരീക്ഷയ്ക്കിടെ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് അധ്യാപകർ പിടികൂടിയതിന് പിന്നാലെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. ക്യാമ്പസിൽ വിദ്യാർഥി ജാതി അധിക്ഷേപത്തിന് ഇരയായിരുന്നുവെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൊഫസർ സൂര്യനാരായണ ദൂല്ലയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Key Words : Shama Muhammed, IIT Student Death

COMMENTS