കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 1980-കളിലെ 'എഐ വിന്റേജ്' ട്രെൻഡിന് കിടിലൻ മറുപടിയുമായി മലയാളത്തിന്റെ പ്രിയ ...
കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 1980-കളിലെ 'എഐ വിന്റേജ്' ട്രെൻഡിന് കിടിലൻ മറുപടിയുമായി മലയാളത്തിന്റെ പ്രിയ ആക്ഷൻ താരം ബാബു ആന്റണി. മറ്റ് സിനിമാ താരങ്ങളും സിനിമാ പ്രേമികളും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളുടെ 80-കളിലെ ലുക്ക് പുനഃസൃഷ്ടിച്ച് പങ്കുവെക്കുമ്പോൾ, സ്വന്തം യഥാർത്ഥ റെട്രോ ചിത്രവുമായാണ് താരം രംഗത്തെത്തിയത്.
"ചാറ്റ് ജിപിടിയുടെ സഹായമില്ലാതെ തന്നെ 80സ് ട്രെൻഡ്" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ബാബു ആന്റണി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ചിത്രം പങ്കുവെച്ചത്. നീണ്ട മുടിയും ആ കാലഘട്ടത്തിലെ തനത് മാസ്സ് ലുക്കുമുള്ള താരത്തിന്റെ യഥാർത്ഥ ചിത്രം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ ആക്ഷൻ സിനിമകളിൽ വൻ തരംഗം സൃഷ്ടിച്ച ബാബു ആന്റണിക്ക് വിന്റേജ് ലുക്കിലേക്ക് മാറാൻ എഐ ഫിൽട്ടറുകളുടെ ആവശ്യമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. എഐ ചിത്രങ്ങളുടെ അതിപ്രസരത്തിനിടയിലും താരത്തിന്റെ ഈ വേറിട്ട പോസ്റ്റും പഴയകാല റൗഡി ലുക്കും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Key Words : AI, Babu Antony, 80s Mass Look

COMMENTS